വികാരവും വിവേകവും തമ്മിലുള്ള മത്സരത്തില്‍ പത്താം ക്ലാസും ഡോക്ടറും ഒരുപോലെ! വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി സൈക്കോളജിക്കല്‍ കൗണ്‍സിലര്‍

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാമുകന്റെ കൂടെ ഒളിച്ചോടി, ഭര്‍ത്താവിന് അവിഹിത ബന്ധമറിഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്തു, തുടങ്ങിയ വാര്‍ത്തകള്‍ ഇപ്പോള്‍ സ്ഥിരം പത്രങ്ങളിലും ചാനലുകളിലും നിറയാറുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ മനസാക്ഷിയെ നടുക്കുന്ന കാര്യങ്ങളാണ്. എന്തുകൊണ്ടാണ് ഇന്നത്തെ സമൂഹത്തില്‍ ഇത്തരം തിന്മകള്‍ വര്‍ദ്ധിച്ചുവരുന്നതെന്നത് പലരും സംശയിക്കുന്ന കാര്യമാണ്. ആര്‍ക്കും ഒരെത്തും പിടിയും കിട്ടാത്ത വിഷയമാണെങ്കിലും ഇത് സമൂഹത്തില്‍ വില്ലനായാണ് കരുതപ്പെടുന്നത്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇതേക്കുറിച്ച് ആധികാരികമായ സംസാരിക്കാന്‍ കഴിഞ്ഞെന്നിരിക്കും. ഇത്തരത്തില്‍ സമൂഹത്തില്‍ ഏറി വരുന്ന വിവാഹേതര ബന്ധങ്ങളും തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല ഷിബു ഫേസ്ബുക്കില്‍ പങ്കവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായിട്ടു സമൂഹവുമായി ഇടപെടുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ,ഒരു കൗണ്‍സിലിങ് സൈക്കോളജിസ്‌റ് എന്ന രീതിയില്‍, ചില ബന്ധങ്ങളെ എങ്ങനെ വിശകലനം ചെയ്യണം എന്നറിയാതെ ആയി പോകാറുണ്ട്..വിവാഹേതര ബന്ധങ്ങളും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ..!പീഡന കേസും പിന്നത്തെ പൊല്ലാപ്പുകളും..!സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ ആണ് തെറ്റുകാര്‍ എന്ന് പറയാന്‍ വയ്യ.. മനുഷ്യനാണ്..! മനസ്സാണ് ..!അത്രയുമേ പറയാന്‍ ആകു.. ഏതു കുപ്പായത്തിനുള്ളിലും മറ്റൊരു മുഖമുണ്ട്..വികാരവും വിവേകവും തമ്മില്‍ ഉള്ള കളിയില്‍ പത്താം ക്ലാസും ഡോക്ടറും ഒക്കെ ഒരേ പോലെ…സഹനത്തിന്റെ പാരമ്യം എന്നത് വ്യക്തിയെ ആശ്രയിച്ചിരിക്കും.. ഭാര്യ അല്ലാത്ത ഒരുവളെ സ്‌നേഹിക്കാന്‍ കഴിയില്ല എന്ന് പറയാന്‍ പറ്റില്ല..അതേ പോലെ തിരിച്ചും..!പലപ്പോഴും തോന്നാറുണ്ട്.. വിവാഹജീവിതത്തിലെ അതേ രീതി തന്നെ ആണ് ഇത്തരം ,വിവാഹേതര ബന്ധങ്ങളിലും, ഒരു ഘട്ടം കഴിഞ്ഞാല്‍ എന്ന്..! ആദ്യത്തെ സമയം കഴിഞ്ഞുണ്ടാകുന്ന മടുപ്പും വിരസതയും ഇതിലും ഉണ്ടാകാറുണ്ട്..വിവാഹത്തില്‍ ഒരു ഉറപ്പുണ്ട്..അങ്ങനെ പെട്ടന്ന് കയ്യൊഴിയാന്‍ വയ്യല്ലോ.. ഇതില്‍ ആ ഒരു കെട്ടുപാടില്ല….അതിനാല്‍ തന്നെ , സഹനത്തിന്റെ ശക്തി കുറഞ്ഞവര്‍ , പതുക്കെ പിന്‍വലിയാന്‍ തുടങ്ങും..ഉപേക്ഷിക്കപെടുക എന്നത് ഒരു വല്ലാത്ത അവസ്ഥ ആണ്..അപകര്‍ഷതാ ബോധവും അമര്‍ഷവും പകയും ഒക്കെ കൂടി ഒത്തു കൂടുന്ന തലം..ഭൂമിയില്‍ എന്തെന്തു മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് പോലും അറിയാത്ത അവസ്ഥ.. പ്രളയ ജലം വന്നു എല്ലായിടത്തും മൂടിയ പോലെ..കരയാന്‍ വയ്യ..പരിഭവം പറയാന്‍ വയ്യ..പരാതി പറയാന്‍ വയ്യ…!അധികാരം ഇല്ലാത്ത ഒരാളാണ് താന്‍…!ആ തിരിച്ചറിവ്..പുറം ലോകം അറിഞ്ഞാല്‍ , പഴി തനിക്കു തന്നെ…!ഇത്തരം ഘട്ടങ്ങളില്‍ പെട്ട ,കരയാന്‍ പോലും ആകാതെ വിങ്ങി പൊട്ടിയ എത്രയോ സ്ത്രീ ശബ്ദങ്ങള്‍ കേള്‍ക്കാം..

വിവാഹജീവിതത്തിലെ കാള്‍, സംശയവും സ്വാര്‍ഥതയും ഇത്തരം ബന്ധങ്ങളില്‍ കൂടുതലാണ്..മടുപ്പിന്റെ”’ അസുഖം ” ഉള്ളവന് ഇത് തന്നെ തരം! നീ എന്റെ ഭാര്യ ഒന്നുമല്ലല്ലോ…?അല്ലേലും കക്കാന്‍ ഇറങ്ങുന്ന രണ്ടു കള്ളന്മാര് തമ്മില്‍ എന്ത് ഉപാധി..?ഇത്തരം കുറെ ഏറെ കഥകള്‍ പുരുഷന്‍ എന്ന” വില്ലനെ” പറ്റി കേട്ടിട്ടുണ്ട്..സ്ത്രീ അവിടെ ഒന്ന് ഉയര്‍ന്നെങ്കില്‍..എന്നെ വേണ്ടെങ്കില്‍ നിന്നെയും വേണ്ട എന്ന് തീരുമാനം എടുക്കാന്‍ കഴിഞ്ഞെങ്കില്‍..!പറ്റില്ല ..എല്ലാവരെയും കൊണ്ട് പറ്റില്ല അത്..!പുറം ജാടയ്ക്കു ഇപ്പുറം ഒരു തൊട്ടാവാടി ആണ് പല സ്ത്രീകളും..!നെഞ്ച് പൊട്ടി കരഞ്ഞു പോകും..പക്ഷെ ശബ്ദം കേട്ടൂടല്ലോ.. അവന്‍, തനിക്കു അവകാശം ഇല്ലാത്ത പുരുഷന്‍.. പുരുഷന്മാര്‍ ഇല്ല എന്നാണോ..? പണി ” കിട്ടിയ എത്രയോ പുരുഷന്മാര്‍ ..!സ്ത്രീയ്ക്ക് കരയാന്‍ എങ്കിലും അവകാശം ഉണ്ട്.. ഇവന് അതുമില്ല.. കാമുകിയുടെ രണ്ടാം വിവാഹത്തിന്റെ തലേന്ന് ഭാര്യയെയും രണ്ടു മക്കളെയും ഓര്‍ക്കാതെ ആത്മഹത്യ ചെയ്ത ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍..!ഇന്നും ആ ഓര്‍മ്മ ഞെട്ടിക്കാറുണ്ട്.. ഇത്രയും പ്രായം ആയിട്ടും., ഇങ്ങനെ അബദ്ധത്തില്‍ വീണോ..? അല്ലേല്‍ ഇത്ര ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരുന്നിട്ടും എന്നതില്‍ ഒന്നും ഇവിടെ പ്രസക്തി ഇല്ല.. പച്ചയായ മനുഷ്യന്റെ വികാരങ്ങള്‍.. ബാലിശമാണ്..! മണ്ടത്തരമാണ്…! ഒക്കെ അറിയാം , എങ്കിലും അകപ്പെട്ടു പോകും..! പ്രതികരിക്കാന്‍ യഥാ സമയം പറ്റുക എന്നതും ഒരു കഴിവാണ്.. പിന്മാറുക എന്നത് പോലെ.. കുറച്ചു കൂടി തുറന്ന മനസ്സോടെ , സുതാര്യതയോടെ , ബന്ധങ്ങളെ സ്വീകരിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യേണ്ടത് അനിവാര്യം എന്ന് തോന്നുന്നു.. പാവം പങ്കാളികള്‍.. അവരുടെ കുറ്റമാണല്ലോ. പലരും ഇത്തരം ബന്ധങ്ങള്‍ക്ക് കാരണമായി പറയുന്നത്.. കിട്ടാത്ത സ്‌നേഹം തേടി ഉള്ള അലച്ചിലില്‍ പെട്ട് പോയി എന്നാണ് പലരും പറയാറ്.. ആവോ..! മനസ്സല്ലേ ,മനുഷ്യന്‍ അല്ലെ…! മാധ്യമപ്രവര്‍ത്തകന്‍ ആയാലും.. മന്ത്രി ആയാലും.. ആരായാലും..!

 

Related posts