സ്വന്തം ലേഖകൻ
തൃശൂർ: കനത്തു പെയ്ത മഴയിലും ആരാധകരുടെ ആവേശം ഒട്ടും കുറഞ്ഞില്ല; സൂപ്പർസ്റ്റാർ സ്റ്റൈൽമന്നൻ രജനീകാന്തിന്റെ പുതിയ ചിത്രം കാല ആരാധകരെ ത്രില്ലടിപ്പിച്ച് പ്രദർശനത്തിനെത്തി. ഇന്നുരാവിലെ ആറിനാണ് തൃശൂർ കൈരളി തീയറ്ററിൽ ഫാൻസ് അസോസിയേഷനു വേണ്ടി പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നത്.
പുലർച്ചെ മുതൽ തൃശൂർ നഗരത്തിൽ തിമർത്തുപെയ്ത മഴയെ കൂസാതെ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നുപോലും ഫാൻസ് അസോസിയേഷൻ അംഗങ്ങൾ തൃശൂരിലേക്കെത്തി. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ രജനീകാന്തിന്റെ പേരിൽ അശ്വതി നക്ഷത്രത്തിൽ പ്രത്യേക പൂജയും നടത്തിയെന്ന് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
തൃശൂർ നഗരത്തിൽ മാത്രം ആറു തീയറ്ററുകളിലാണ് കാല റിലീസ് ചെയ്തിരിക്കുന്നത്. എല്ലായിടത്തും നല്ല തിരക്ക് രാവിലെ മുതൽ അനുഭവപ്പെടുന്നുണ്ട്. വാദ്യഘോഷങ്ങളോടെയാണ് ആരാധാകർ കാലയുടെ ആദ്യ ദിനം ആഘോഷമാക്കിയത്.
തൃശൂരിൽ ജോലിക്കും മറ്റുമായി എത്തിയിട്ടുള്ള തമിഴ്നാട്ടിൽ നിന്നുള്ളവർ ആദ്യ ദിവസം തന്നെ രജനിപടം മുതൽ ദിനത്തിലേ പാക്കണമെന്ന് ചൊല്ലി തീയറ്ററുകളിലെത്തിയിരുന്നു.