കൊച്ചി: കലാഭവൻ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നുണപരിശോധന ആരംഭിച്ചു. മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യൻ, സുഹൃത്തുക്കളായ എം.ജി. വിപിൻ, സി.എ. അരുണ്‍ എന്നിവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചെന്നൈയിലെ ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ എറണാകുളം കതൃക്കടവിലുള്ള സിബിഐയുടെ ഓഫീസിലാണ് നുണപരിശോധന നടത്തുന്നത്.
കേസിൽ ഏഴു പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് കോടതി സിബിഐക്ക് അനുമതി നൽകിയിരിക്കുന്നത്. മണിയുടെ മറ്റു സുഹൃത്തുക്കളായ മുരുകൻ, അനിൽകുമാർ, നടൻമാരായ ജാഫർ ഇടുക്കി, സാബുമേൻ എന്നിവരെ അടുത്ത ദിവസം നുണപരിശോധനയ്ക്ക് വിധേയരാക്കും.
ഇവർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം നടത്തുന്ന സിബിഐ ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചത്.
2016 മാർച്ച് ആറിനാണ് കലാഭവൻ മണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പല കോണുകളിൽനിന്നും ആവശ്യം ഉയർന്നിരുന്നു. കൂടാതെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മണിയുടെ കുടുംബവും രംഗത്ത് എത്തിയിരുന്നു.