ചാലക്കുടി: കലാഭവൻ മണിയുടെ ഷൂട്ടിംഗ് സ്ഥലങ്ങളിൽ സന്തതസഹചാരിയായിരുന്ന കാരവൻ വാൻ റോഡരികിൽ കിടന്ന് നശിക്കുന്നു. കഴിഞ്ഞവർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കാരവൻ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഓടിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിനു ശേഷം വാഹനം ആശുപത്രി കടവിനു സമീപം റോഡിൽ കിടന്ന് നശിക്കുകയാണ്.
കലാഭവൻ മണി സിനിമാരംഗത്ത് തിരക്കിലായിരുന്ന കാലഘട്ടത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും ഷൂട്ടിംഗ് സ്ഥലങ്ങളിൽ ഈ വാഹനം ഒപ്പം കൊണ്ടുപോകുമായിരുന്നു. ഷൂട്ടിംഗിനിടയിൽ ഈ വാഹനത്തിലാണ് മണി വിശ്രമിച്ചിരുന്നത്. മണിയുടെ മറ്റു വാഹനങ്ങളുടേതെന്നതുപോലെ ഈ വാഹനത്തിന്റെ നന്പറും ബിഇഎൻ 100 ആണ്. ഒരു താമസസ്ഥലത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഈ വാഹനത്തിനകത്ത് ഉണ്ടായിരുന്നു.
മണിയുടെ മരണശേഷം ഷൂട്ടിംഗിനു വേണ്ടി സിനിമക്കാർ വാഹനം കൊണ്ടുപോകുമായിരുന്നു. എന്നാൽ വെള്ളപൊക്കത്തിൽ മുങ്ങിയ ഈ വാഹനം ഇതോടെ നശിച്ച അവസ്ഥയിലാണ്. മണിയുടെ സ്മൃതി മണ്ഡപവും പാഡിയും മറ്റും കാണാൻ വരുന്ന ആരാധകർ ആശുപത്രി കടവിനു സമീപം റോഡിൽ കിടന്ന് തുരുന്പെടുക്കുന്ന ഈ വാഹനം വേദനയോടെയാണ് കണ്ടുപോകുന്നത്.