ചാലക്കുടി: കലാഭവൻ മണി ഓർമ്മയായിട്ട് മൂന്നുവർഷത്തോളമായെങ്കിലും മണിയുടെ പേരിൽ സ്മാരകം ഇനിയും ഉയർന്നില്ല. കലാഭവൻ മണിക്ക് സ്മാരകം നിർമിക്കുന്നതിനു സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, സ്മാരകം നിർമിക്കുന്നതു സംബന്ധിച്ച് ഇതുവരെ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല.
സ്മാരകം നിർമിക്കുന്നതിനുവേണ്ടി സ്ഥലം ലഭിക്കാത്തതാണ് കാരണം. എന്നാൽ സ്ഥലം കണ്ടെത്തുന്നതിനോ, സ്മാരകം നിർമ്മിക്കുന്നതിനോ യാതൊരു ആലോചനകളും നടന്നിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിനു ആരാധകരാണ് ദിനംപ്രതി ചാലക്കുടിയിൽ മണി അന്ത്യവിശ്രമം കൊള്ളുന്ന ചേനത്തുനാട്ടിലെ മണിയുടെ വീട്ടിലെ സ്മൃതി കുടീരവും പാഡിയും സന്ദർശിക്കാനെത്തുന്നത്.
ചേനത്തുനാട്ടിൽ മണിയുടെ പിതാവിന്റെ നാമധേയത്തിലുള്ള കുന്നിശേരി രാമൻ മെമ്മോറിയൽ ലൈബ്രറി കെട്ടിടത്തിലുള്ള മണിയുടെ പൂർണകായപ്രതിമയിൽ ഹാരമണിയിച്ചും പുഷ്പാർച്ചന നടത്തിയുമാണ് ആരാധകർ മടങ്ങുന്നത്. ചിലർ കൂട്ടമായി വന്ന് മണിയുടെ പ്രതിമയുടെ മുന്നിൽനിന്നും മണി പാടിയ നാടൻപാട്ടുകൾ പാടുന്നതും കാണാം.
ഫോക്ലോർ അക്കാദമി മണിയുടെ സ്മരണാർഥം അഖില കേരള ഓണക്കളി മത്സരം മാത്രമാണ് നടത്തിവരുന്നത്. ചാലക്കുടിയിൽ എല്ലാ വർഷവും മണിയുടെ ചരമവാർഷിക ദിനത്തിൽ സ്മരണാഞ്ജലി എന്ന പൊതുപരിപാടിയും രണ്ടുവർഷവും സംഘിപ്പിച്ചിരുന്നു.