കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ അബി അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെ 10.15നായിരുന്നു അന്ത്യം. അർബുദ രോഗബാധയെത്തുടർന്നു ഏറെ നാളായി ചികിത്സയിലായിരുന്ന അബിയെ ഇന്നു രാവിലെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിനു മുന്പേ മരണം സംഭവിച്ചിരുന്നു. രോഗവുമായി ബന്ധപ്പെട്ട് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതാണു മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മിമിക്രി രംഗത്തെ കുലപതികളിൽ ഒരാളായ അബിയുടെ യഥാർത്ഥ പേര് ഹബീബ് അഹമ്മദ് എന്നായിരുന്നു. കലാഭവനിലൂടെ മിമിക്രി രംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. യുവ നടൻ ഷൈൻ നിഗം മകനാണ്. മലയാളത്തിൽ മിമിക്രി കാസെറ്റുകൾക്കു സ്വീകാര്യത നൽകിയ അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെ അനുകരിക്കുന്ന ചുരുക്കം ചില മിമിക്രി താരങ്ങളിലൊരാളാണു അബി.
കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്സ് ആക്ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രങ്ങളിൽ അബി അഭിനയിച്ചിട്ടുണ്ട്.
ഹാപ്പി വെഡ്ഡിങ് ആണ് അബി അഭിനയിച്ച അവസാന സിനിമ. നയം വ്യക്തമാക്കുന്നു എന്നതായിരുന്നു ആദ്യസിനിമ. ഭാര്യ: സുനില. മറ്റ് മക്കൾ: അഹാന, അലീന. മരണവിവരം അറിഞ്ഞതോടെ സിനിമ-മിമിക്രി മേഖലയിൽനിന്നു നിരവധി പേരാണ് ആശുപത്രിയിലേക്കു എത്തിച്ചേരുന്നത്.