ആകാശത്ത് പകലന്തിയോളം പറന്നു നടക്കുന്ന പക്ഷികൾക്ക് സായംസന്ധ്യയിൽ കൂടണയാൻ ഒരിടമുണ്ടാകും. പരസ്പരം സ്നേഹം പകരുന്ന അവരുടെ സ്വന്തം കൂട്.
മലയാള സിനിമയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു പറ്റം പ്രതിഭകൾ പറന്നു തുടങ്ങിയ അത്തരമൊരു കൂടുണ്ട് കൊച്ചിയിൽ.
കാപ്പിപ്പൊടി നിറമുള്ള കുപ്പായം ധരിച്ച് വാക്കിംഗ് സ്റ്റിക്ക് കയ്യിലേന്തി കട്ടിക്കണ്ണടയ്ക്കുള്ളിൽ നിന്നും പ്രകാശം ചൊരിയുന്ന നോട്ടവും ഹൃദയം കവരുന്ന പുഞ്ചിരിയുമായി സ്നഹം പകർന്ന ആബേലച്ചന്റെ കലാഭവൻ എന്ന കൂട്.
ജയറാമും ദിലീപും മണിയും കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനും സംവിധായകരായ ലാലും സിദ്ധിഖും ഉൾപ്പെടെ മലയാള സിനിമയുടെ പെരുമ ഉയർത്തിയ ഒരുപറ്റം കലാകാരന്മാരുടെ കൂട്.
ചിറകു മുറ്റാത്ത കുഞ്ഞുങ്ങൾ തിരികെ അമ്മക്കിളിയുടെ ചിറകിനടിയിലേക്കെന്ന പോലെ ആ കൂട്ടിലേക്ക് അവരോരുത്തരും മടങ്ങി വരുന്പോൾ അവിടെ നിറഞ്ഞ പുഞ്ചിരിയുള്ള ആബേലച്ചന്റെ ഓർമകളും നിറയുന്നു.
1981 സെപ്റ്റംബർ 21 നാണ് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ആറു ചെറുപ്പക്കാരിലൂടെ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡ് തുടക്കം കുറിച്ചത്.
അന്ന് സദസിൽ അലയടിച്ചുയർന്ന ചിരിയും കൈയടിയും നാലു പതിറ്റാണ്ടായി മലയാളക്കരയിലും രാജ്യത്തിനകത്തും വിദേശത്തുമെല്ലാം മുഴങ്ങുന്നതായിരുന്നു പിൽക്കാല ചരിത്രം.
കൊച്ചിൻ കലാഭവൻ എന്ന ബോർഡ് വെച്ച വണ്ടി ഉത്സവം, പെരുന്നാൾ ആഘോഷ നാളുകളിൽ മൈതാനങ്ങളിൽ അവധിയില്ലാതെ നിറഞ്ഞോടി.
കിഴക്കു വെള്ള കീറിയതും ജീവജാലങ്ങളുടെയും ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും ശബ്ദാനുകരണത്തിൽനിന്നും പിന്നീട് സ്കിറ്റുകളിലേക്കും ഫിഗർഷോയിലേക്കും മെഗാഷോകളായും പുതിയ കാലത്ത് സമൂഹ മാധ്യമങ്ങളിലേക്കും മിനി സിനിമകളായും അവതരണം വളർന്നു. കലാഭവന്റെ ഈ വളർച്ച ഒപ്പം നിന്നനുഭവിച്ചിട്ടുള്ളയാളാണ് കെ.എസ്. പ്രസാദ്.
നാലു പതിറ്റണ്ടിലധികമായി കലാഭവന്റെ അരങ്ങിലും അണിയറയിലും ഈ കലാകാരന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്.
ആബേലച്ചന്റെ വാൽസല്യവും കരുതലും അനുഭവിച്ചറിഞ്ഞതാണ് തന്റെ ജീവിതത്തിലെ അനുഗ്രഹ നിമിഷം എന്നു പ്രസാദ് പറയുന്നു. ആദ്യ മിമിക്സ് പരേഡിന്റെ വേദിയിൽനിന്നും പിന്നിട്ട നാൽപതു വർഷങ്ങളിലേക്കുള്ള ഒരു മടക്കയാത്ര..
കലാഭവൻ എന്ന പേര് വലിയൊരു കൂട്ടം കലാകാരന്മാർക്ക് ഓർമകളിൽ കൂടൊരുക്കുന്നതുപോലെയാണെന്നു പറയുന്പോൾ എന്നെ സംബന്ധിച്ച് ഇന്നും എന്റെ കൂടാണത്. അതിനു കാരണം സ്റ്റേജ് പരിപാടികളുമായി സജീവമായി നിൽക്കുന്നതാണ്.
1980 ലാണ് ഞാൻ കലാഭവനിലെത്തുന്നത്. ഒരു വർഷത്തിനു ശേഷമാണ് കലാഭവൻ മിമിക്സ് പരേഡ് ആരംഭിച്ചത്. അന്നു മുതൽ എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഏടാണ് കലാഭവൻ.
എന്റെ ഇന്നലകളും ഇന്നും നാളെയും കലാഭവനിലാണ്. അതുകൊണ്ടുതന്നെ പഴയ ഓർമകളെന്നതിനേക്കാൾ എന്റെ ജീവിതമാണ് അവിടം.
ആബേലച്ചനാണ് ഞാൻ ഉൾപ്പെടെ ഒട്ടേറെ കലാകാരന്മാരുടെ അഭയസ്ഥാനം. കലാഭവന്റെ സമീപത്തായിരുന്നു എന്റെ വീട്.
അച്ചൻ ദിവസവും വൈകുന്നേരങ്ങളിൽ കലാഭവനിൽ നിന്നും തിരികെ ആശ്രമത്തിലേക്കു പോരുന്പോൾ എന്റെ വീടിന്റെ മുന്നിലെത്തി പ്രസാദുണ്ടോ എന്നു വിളിച്ചു ചോദിക്കും. പിന്നെ ഞാനും അച്ചനും കുറച്ചു ദൂരം ഒരുമിച്ചു നടക്കും.
ആശ്രമത്തിലെത്തി അച്ചനോടാപ്പം ചായ കുടിച്ച് പലഹാരമൊക്കെ കഴിക്കും. തിരികെ പോകുന്പോൾ വ്യായാമത്തിനു നടന്നു തന്നെ ഞാൻ പോരണമെന്ന് അച്ചൻ പറയും.
അങ്ങനെ ഏഴെട്ടു വർഷങ്ങൾ അച്ചനൊപ്പം നടന്നിട്ടുണ്ട്. എനിക്കിപ്പോഴും തോന്നാറുണ്ട്, ഞാനിപ്പോഴും അച്ചനൊപ്പം തന്നെയാണ് നടക്കുന്നതെന്ന്. ആ കരുതൽ എന്നുമെനിക്കു കൂടെയുണ്ട്. ചില ദിവസങ്ങളിൽ പ്രോഗ്രാമിനു പോയി തിരികെ വന്നു കിടക്കുന്പോൾ പുലർച്ചെയാകും.
അച്ചൻ നടക്കാനിറങ്ങുന്പോൾ രാവിലെ ഏഴിനു വീട്ടിലെത്തി എന്നെ വിളിച്ചുണർത്തി വിശേഷങ്ങൾ തിരക്കും. ഇന്നലയെങ്ങനെയുണ്ടായിരുന്നു, ആർക്കാണ് കൂടുതൽ കയ്യടി കിട്ടിയത്, കൂവലുണ്ടായിരുന്നോ, ആരെങ്കിലും തെറ്റിച്ചോ, സൗണ്ടിനോ ലൈറ്റിനോ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ, ആർട്ടിസ്റ്റെല്ലാം സമയത്ത് എത്തിയോ… എന്നിങ്ങനെ ഓരോ ദിവസത്തെ പരിപാടികളെക്കുറിച്ചും വിശദമായി ചോദിച്ചറിയും.
ഈ അന്വേഷണം മിമിക്സ് പരേഡിന്റെ കാര്യത്തിൽ മാത്രമല്ല, ഗാനമേളയുടെ കാര്യത്തിലുമുണ്ടായിരുന്നു. പിറ്റേ ദിവസമാണ് അച്ചന്റെ ആക്ഷൻ. ഓരോ കലാകാരന്മാരോടും തലേന്നത്തെ പരിപാടിയിലെ തെറ്റുകുറ്റങ്ങളെക്കുറിച്ച് ചോദിക്കും.
പരിപാടിയുടെ ഓരോ വിഭാഗത്തെക്കുറിച്ചും ആബേലച്ചന് അത്രമാത്രം ധാരണയും ശ്രദ്ധയുമുണ്ടായിരുന്നു. ഓരോ ദിവസത്തെക്കുറിച്ചുള്ള പരിപാടിയെ സംബന്ധിച്ചും വിലയിരുത്തലും ജാഗ്രതയും അദ്ദേഹം പുലർത്തിപ്പോന്നു.
ഒരിക്കൽ പരിപാടിക്ക് മിമിക്രിക്കാർ എത്താതെവന്ന സാഹചര്യത്തിൽ അച്ചൻ കാറുവിളിച്ച് എന്റെ വീട്ടിലെത്തി. എന്നേയും അൻസാറിനേയും കൂട്ടി പരിപാടി നടക്കുന്ന സ്ഥലത്തെത്തി മിമിക്രി നടത്തി.
ഇന്നത്തെപോലെ ആശയവിനിമയത്തിനു മൊബൈലോ ലാൻഡ്ഫോണോ ഇല്ലാതിരുന്ന കാലത്താണ് അറുപതു പേരോളം വരുന്ന സംഘത്തെ അണിനിരത്തി ഗാനമേളയും മിമിക്സ് പരേഡുമൊക്കെ അച്ചൻ സംഘടിപ്പിച്ചത്.
അന്നു പരിപാടിയുടെ കാര്യങ്ങളൊക്കെ ആർട്ടിസ്റ്റുകളെ അറിയിക്കാൻ അച്ചൻ എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തുടക്കകാലത്ത് സൈക്കിളോ സ്കൂട്ടറോ സംഘടിപ്പിച്ച് സിദ്ധിഖ്, ലാൽ, റഹ്മാൻ, അൻസാർ തുടങ്ങിയ കലാകാരന്മാരുടെയും ലൈറ്റ്, സൗണ്ട് ഓപറേറ്ററുടേയും വീട്ടിലെത്തിയാണ് ഓരോ ബുക്കിംഗ് പരിപാടികളെപ്പറ്റിയുള്ള വിവരം പറയുന്നത്.
പിന്നീട് ജയറാം തുടങ്ങിയവരൊക്കെ വന്നകാലത്ത് ഫോണ് സജീവമായതോടെ ആശയവിനിമയം ലളിതമായി. കലയോടുള്ള ഇഷ്ടമാണ് എന്നെ കലാഭവനിലെത്തിച്ചതെങ്കിൽ പിന്നീടത് ജീവിതമാർഗമായി.
എണ്പതിൽ ഗാനമേളയ്ക്കു പോകുന്പോൾ ഒരു പരിപാടിക്ക് എനിക്കു 50 രൂപ തരും. മിമിക്സ് പരേഡ് വന്നപ്പോൾ പ്രതിഫലം 100 രൂപയായി. ഇതിനൊപ്പം ചായ കുടിക്കാൻ രണ്ടു രൂപയും ഭക്ഷണത്തിനായി അഞ്ചു രൂപയും അച്ചൻ അധികമായി തരും.
അന്നത്തെ കാലത്ത് സെയിൽസ് റെപ്രസന്റേറ്റീവായി ഞാൻ ജോലി ചെയ്യുന്പോൾ മാസം ലഭിച്ചിരുന്നത് 350 രൂപയാണ്. കലാഭവനിൽ പരിപാടിയുടെ എണ്ണത്തിനനുസരിച്ച് വരുമാനം കൂടുതൽ ലഭിക്കാൻ തുടങ്ങി. അതോടെ മുഴുവൻ സമയവും കലാഭവനൊപ്പമായി.
അന്നുണ്ടായിരുന്ന മെറ്റഡോർ കന്പനിയുടെ വാനിലെ യാത്രകളും റിഹേഴ്സലും പരിപാടിയുമൊക്കെ കഷ്ടപ്പാടുണ്ടായിരുന്നെങ്കിലും ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിന്റെ സംതൃപ്തി അനുഭവിച്ചറിയുകയായിരുന്നു.
കലാഭവനിലേക്ക് ആർട്ടിസ്റ്റുകളെ തെരഞ്ഞെടുക്കുന്ന അഭിമുഖം നടത്തുന്ന ചുമതല എന്നെയാണ് ഏൽപിച്ചിരുന്നത്. ചിലരുടെ പരിപാടികൾ നേരത്തെ കണ്ടിട്ടുള്ളതിനാൽ അത്ര മെച്ചമല്ലെന്നു കണ്ടാൽ അഭിമുഖത്തിനു മുന്പുതന്നെ മടക്കി അയക്കാൻ ഞാൻ ശ്രമിക്കും. ആബേൽ അച്ചനോട് പറയുന്പോൾ, പ്രസാദേ.. ഒരു അഞ്ചു മിനിറ്റു സമയം അവനുവേണ്ടി നമുക്കു കൊടുക്കാം.
വളരെ ദൂരേന്നു പ്രതീക്ഷയോടെ എത്തുന്നതാകും. നമ്മൾ ഒരു അവസരം കൊടുത്താൽ അത് അവന് ഒരു ആത്മവിശ്വാസമാകും. അതുകൊണ്ടു തന്നെ അവസരം തേടിയെത്തുന്ന ഓരോരുത്തർക്കും വേണ്ടി അച്ചൻ അന്നു സമയം മാറ്റിവെക്കും.
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം നടത്തി ഒരു വർഷം കഴിഞ്ഞ് വരിക എന്നൊക്കെ പറഞ്ഞു പ്രോത്സാഹനം നൽകി പറഞ്ഞയയ്ക്കും. പിന്നീട് അച്ചൻ അതെന്നെ ഏൽപിച്ചു.
ഒരിക്കൽ ഒരാൾ എന്നെത്തേടി വീട്ടിൽ വന്നു. അച്ചൻ പറഞ്ഞുവിട്ടതാണെന്നും പറഞ്ഞു. അയാൾ ശരിക്കും മിമിക്രി കലാകാരനല്ല. ചെയ്തത് ഒന്നും ശരിയായില്ല.
ഞാൻ തിരക്കിയപ്പോൾ അച്ചൻ കണ്ടതാണെന്നും താങ്കളെ കാണിക്കാൻ പറഞ്ഞെന്നും പറഞ്ഞു. അതിനു ശേഷം അച്ചനെ കണ്ടപ്പോൾ അയാൾ മിമിക്രി കലാകാരൻ അല്ലെങ്കിൽ ആദ്യമേ പറഞ്ഞുവിടാമായിരുന്നല്ലോ എന്നു ഞാൻ ചോദിച്ചു.
അപ്പോൾ അച്ചൻ കുലുങ്ങി ചിരിച്ചുകൊണ്ടു പറഞ്ഞു, ഇതു കുറേനാളായി ഞാൻ അനുഭവിക്കുന്നു. ഇനി താനൂടെ കുറച്ച് അനുഭവിക്ക്.
ശരിക്കും നർമത്തിൽ വിതറിയ അച്ചന്റെ ശൈലിയായിരുന്നു അത്. അച്ചൻ നമ്മളോട് ഒരു കാര്യം പറയുന്പോൾ ഉപകഥയും ഒപ്പമുണ്ടാകും.
അക്കാലത്ത് 65 രൂപയാണ് കലാഭവനിൽ പഠിക്കുന്നതിനു പ്രതിമാസ ഫീസ്. അന്നത്തെ ചെലവുവെച്ചു നോക്കുന്പോൾ അതു വളരെ കുറവാണ്.
അധ്യാപകരുമായൊക്കെ ചർച്ച ചെയ്ത്, ഫീസ് 75 രൂപയാക്കാമെന്നും നിലവിലെ ഫീസ് തീരെ കുറവാണെന്നും ഞാൻ അച്ചനോട് പറഞ്ഞു.
പുറത്ത് 100 വാങ്ങിക്കുന്പോൾ അതിൽ കൂടുതൽ വാങ്ങിയാലും ഇവിടെ പഠിക്കാൻ നിരവധിയാളുകൾ വരുമെന്നെനിക്കറിയാം.
പ്രസാദേ… കലാഭവൻ കാശ് വാങ്ങാനല്ല ഞാൻ ആരംഭിച്ചത്. കലാകാരന്മാർക്ക് പഠിക്കാനും അവരെ വളർത്തിയെടുക്കാനുമാണ്. 13 വയസുള്ള പെണ്കുട്ടിയോട് അമ്മ കാര്യങ്ങൾ പറയുന്പോൾ അന്ന് അവൾ പറയും അമ്മ പറയുന്നതു മുഴുവൻ പൊട്ടത്തരമാണെന്ന്.
ആ കുട്ടി വളർന്ന് 33 വയസാകുന്പോൾ അമ്മ പറഞ്ഞതു പകുതി ശരിയായിരുന്നു എന്നു പറയും. അവൾ വളർന്ന് 55 വയസാകുന്പോൾ അമ്മ അന്നു പറഞ്ഞതു മുഴുവൻ ശരിയായിരുന്നു എന്നു പറയും.
താനിപ്പോൾ 33 വയസിലാണ്. അതുകൊണ്ടു പകുതി മാത്രമേ ശരിയായി തനിക്കിപ്പോൾ തോന്നുകയുള്ളു. താൻ കുറച്ചുകൂടി മുതിരുന്പോൾ മനസിലാകും ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്ന്. അച്ചൻ പറഞ്ഞതായിരുന്നു ശരിയെന്ന് പിന്നീട് എനിക്കു തോന്നിയിട്ടുണ്ട്.
അച്ചന്റെ അന്നത്തെ ദീർഘവീക്ഷണമാണ് ഇന്നു മലയാള സിനിമയിലടക്കം കലാഭവൻ എന്ന പേരിനു അത്രമാത്രം മൂല്യം സൃഷ്ടിച്ചത്. പരിപാടികൾക്കു പോകുന്പോൾ അച്ചൻ പറയും പ്രസാദേ… എങ്ങനെയുണ്ട്.
നിങ്ങളാണ് മെയിൻ. അപ്പോൾ ഞാൻ പറയും, ഞങ്ങളല്ല… റിഹേഴ്സലാണ് പ്രധാനമെന്ന്. സിനിമയുടെ ബലം മികച്ച തിരക്കഥയാമെന്നു പറയുന്നപോലെ സ്ക്രിപ്റ്റിലും തിരക്കഥയും റിഹേഴ്സലാണ് വിജയിക്കുന്നതിന്റെ അടിസ്ഥാന ശാസ്ത്രം. അതു ഞാൻ അടക്കമുള്ള കലാകാരന്മാരെ പഠിപ്പിച്ചു തന്നതും അച്ചൻ തന്നെയാണ്.
ശരിക്കും മനുഷ്യനു ചിരിക്കാൻ സാധിക്കുന്നത് നിഷ്കളങ്ക മനസോടെ ഇരിക്കുന്പോഴാണ്. അതിനർഥം ചിരിക്കാത്തവർ ക്രൂരന്മാരും വില്ലന്മാരുമാണെന്നല്ല.
ചിരിക്കുന്പോഴാണ് അവരിൽ ആനന്ദം നിറയുന്നത്. മറ്റുള്ളവരിൽ ചിരി നിറയ്ക്കുന്പോൾ നമ്മളും നന്മയാണ് ചെയ്യുന്നതെന്നായിരുന്നു അച്ചന്റെ വീക്ഷണം.
പലപ്പോഴും പരിപാടികൾ നടക്കുന്പോൾ ആദ്യ നിരകളിൽ ബലം പിടിച്ച് ചിരിക്കാതെയിരിക്കുന്ന ആളുകളിരിക്കുന്നുണ്ടാകും. കഴിയുന്പോൾ സ്റ്റേജിന്റെ പിന്നിലെത്തി പരിപാടി നന്നായിരുന്നു എന്നും പറയും.
രണ്ടര മണിക്കൂർ ചിരിക്കാത്ത ആളുകളുടെ മുന്പിലാണ് നമ്മൾ പരിപാടി അവതരിപ്പിച്ചതെന്നോർത്ത് ഞങ്ങളും നിരാശരാകും.
വിദേശത്തൊക്കെ 16 പരിപാടികളുമായൊക്കെ ഞങ്ങൾ പോകാറുള്ളപ്പോൾ അച്ചനും കൂടെവരും. അച്ചൻ ആദ്യ നിരയിലിരുന്ന് ഓരോ പരിപാടിയും കണ്ട് ആസ്വദിച്ചു ചിരിക്കും.
ശരിക്കും വേദികളിൽ നിൽക്കുന്പോൾ അതു കലാകാരന്മാരായ ഞങ്ങൾക്കും ഉൗർജമാണ്. ഓരോ ചെറിയ കാര്യങ്ങളിലും ചിരി കണ്ടെത്താൻ അച്ചനു സാധിക്കുമായിരുന്നു.
എനിക്കു തോന്നുന്നു ചിരി ആസ്വദിക്കാനുള്ള അച്ചന്റെ മനസാണ് ജനഹൃദയങ്ങൾ നേടിയ മിമിക്സ് പരേഡിന്റെ ജനനത്തിനു പ്രേരകമായത്.
അതാണ് വെള്ളിത്തിരയിലും കാമറക്കു പിന്നണിയിലും മിനിസ്ക്രീനിലും വലിയൊരു കൂട്ടം കലാകാരന്മാരെ സമ്മാനിക്കാൻ കലാഭവനു സാധിച്ചത്. ആ പാരന്പര്യത്തിലൂടെ കടന്നു വന്നതാണ് എന്റെ ജീവിതത്തിന്റെയും നേട്ടം.
ഒരാൾ ചിലപ്പോൾ കുറച്ചു പുറകിലായിപ്പോയാലും നമുക്കു ശരിപ്പെടുത്തിയെടുക്കാം എന്നതായിരുന്നു അച്ചന്റെ മനോഭാവം. ശരിക്കും കലാഭവനിലെത്തിയ ഓരോരുത്തരുടേയും ജീവിതവും കലാസപര്യയും അച്ചൻ ഏറ്റവും മികച്ചതായി ശരിപ്പെടുത്തിയെടുക്കുകയായിരുന്നു.
ഞാനും സിദ്ദിഖ്, ലാൽ, കലാഭവൻ അൻസാർ, കലാഭവൻ റഹ്മാൻ, വർക്കിച്ചൻ പേട്ട എന്നിവരുടെ ആറംഗ സംഘമായിരുന്നു മിമിക്സ് പരേഡിന്റെ ആദ്യ സംഘം.
ഗാനമേളകളിലും കഥാപ്രസംഗങ്ങൾക്കുമിടയിലെ ഇടവേളച്ചിരി മാത്രമായിരുന്ന മിമിക്രി എന്ന കലാരൂപത്തെ മുഴുനീള കലാരൂപമായി അവതരിപ്പിച്ചതിനു പിന്നിൽ അച്ചന്റെ ദീർഘ വിക്ഷണമുണ്ടായിരുന്നു.
നൈസർഗികമായ ചിരിയായിരുന്നു മിമിക്സ് പരേഡിനെ ജനഹൃദയങ്ങളിലേക്കെത്തിച്ചത്. പിന്നീട് ഒട്ടനവധി കലാകാരൻമാർ ആ വഴിയിലേക്കു വന്നു.
പലരും സിനിമയിൽ താരങ്ങളായി. കലാഭവനിൽ നിന്നും പലരും സിനിമയിലേക്കു ചേക്കേറിയപ്പോൾ പുതിയ കലാകാരന്മാർക്ക് അവസരം ലഭിച്ചു. എത്ര പ്രഗത്ഭനാണെങ്കിലും അയാൾ പോയാൽ പകരം അടുത്തയാൾ വരുമെന്ന ആത്മ വിശ്വാസമായിരുന്നു അച്ചന്റെ കരുത്ത്.
കലാഭവന്റെ ഇടനാഴികളിൽ കൂടി നടക്കുന്പോൾ ഇപ്പോഴും ഞാൻ പ്രസാദേ… എന്നുള്ള ആ സ്നേഹ വിളി കേൾക്കാറുണ്ട്. ആ ഇടയന്റെ അജഗണങ്ങളിലൊരാളായി ഞാനും നിൽക്കുന്നു. അച്ചൻ ഒരുക്കിയ കൂട്ടിൽ സ്നേഹ വായ്പോടെ ഇന്നും ജീവിക്കുന്നു.
കെ.എസ്. പ്രസാദ്