അന്തരിച്ച മിമിക്രി താരവും നടനുമായ അബിയ്ക്ക് ധാരാളം ആത്മാര്‍ഥ സുഹൃത്തുക്കളുണ്ടായിരുന്നു എന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ മരണശേഷം ഓരോരുത്തരായി അബിയോടൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോഴാണ് അബിയുടെ ആരാധകരില്‍ പലരും അക്കാര്യങ്ങള്‍ അറിയുന്നത്. തമാശ പറയുന്നതിനും അത്, ആവശ്യാനുസരണം പ്രയോഗിക്കുന്നതിനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് വളരെ പ്രശസ്തവുമായിരുന്നു. അത്തരത്തിലുള്ള അബിയുടെ ഒരു ‘നമ്പര്‍’ ഓര്‍ത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും ഏറെക്കാലം സഹപ്രവര്‍ത്തകനുമായിരുന്ന കലാഭവന്‍ ഹനീഫ്. ഹനീഫിന്റെ വാക്കുകള്‍ ഇങ്ങനെ…
ക്ഷമയുടെ അറ്റത്ത് മാത്രമേ അവന്‍ പ്രതികരിക്കാറുണ്ടായിരുന്നുള്ളു. ഒരിക്കല്‍ വിദേശപരിപാടിക്ക് പോയപ്പോള്‍ ഒരു നടിയുടെ അമ്മ വിമാനം കയറിയപ്പോള്‍ വലിയ ഡിമാന്റ് വെക്കാന്‍ തുടങ്ങി. തുടക്കക്കാരിയാണ് നടിയെങ്കിലും അമ്മയ്ക്കായിരുന്നു ജാട. ശല്യം സഹിക്കാതായപ്പോള്‍ അബി ഒരു നമ്പരിറക്കി. വിമാനത്തില്‍ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ അബി അമ്മയോട് പറഞ്ഞു ”ദേ… നിങ്ങളുടെ യഥാര്‍ഥ വയസ്സും പാസ്‌പോര്‍ട്ടിലെ വയസ്സും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പറയുന്നു. നിങ്ങളെ തിരിച്ചിറക്കുമെന്നാണ് അനൗണ്‍സ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് എയര്‍ ഹോസ്റ്റസുമാരുടെ ശ്രദ്ധയില്‍ പെടാതെ മിണ്ടാതിരുന്നോ?” ഇംഗ്ലീഷറിയാത്ത അമ്മ പിന്നെ മിണ്ടാതിരുന്നു. എയര്‍ ഹോസ്റ്റസുമാര്‍ ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പോലും അവര്‍ മുഖമുയര്‍ത്തിയില്ല.
അതുപോലെ തന്നെ മറ്റൊരു സംഭവം. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച് പോകണമെന്നായിരുന്നു അബിയുടെ ജീവിതവ്രതം. ഒരിക്കല്‍ തിരുവനന്തപുരത്തു നിന്ന് ചാനല്‍ പ്രോഗ്രാം കഴിഞ്ഞ് ഞാനും അബിയും കുളപ്പുള്ളി ലീലച്ചേച്ചിയും കൊച്ചിയിലേക്ക് വരുകയായിരുന്നു. യാത്രാക്ഷീണത്താല്‍ വണ്ടിയില്‍ ഞാന്‍ ഉറക്കംതൂങ്ങിയപ്പോള്‍ അബി സീറ്റ് പുറകോട്ട് വലിച്ച് നിവര്‍ത്തി എന്നെ കിടത്തി. ഞാന്‍ ആദ്യം സമ്മതിച്ചില്ല. ഒടുവില്‍ അബിയുടെ നിര്‍ബന്ധത്തില്‍ ഞാന്‍ കിടന്നു. കുറേനേരം കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ വണ്ടി ചെറുതായി ഇളകുന്നു. വണ്ടി നീങ്ങുന്നില്ല. അബിയെ സീറ്റിലും കാണുന്നില്ല. ഞാന്‍ പുറത്തിറങ്ങി സമയം നോക്കിയപ്പോള്‍ പുലര്‍ച്ച നാലുമണി. ആരെയും ഉണര്‍ത്താതെ അബി പഞ്ചറായ വണ്ടിയുടെ ടയര്‍ മാറ്റുകയാണ്. അതാണ് ആ കലാകാരന്റെ മനസ്സ്.