മിമിക്രി രംഗത്തു നിന്നെത്തി മലയാള സിനിമയില്‍ സജീവമായ നടന്മാരിലൊരാളാണ് കലാഭവന്‍ ഹനീഫ്. ചെറിയ റോളുകളിലാണെങ്കിലും ഏറെക്കാലമായി താരം മലയാളി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച് മുന്നേറുകയാണ്.
സന്ദേശം, ഗോഡ്ഫാദര് പോലുളള സിനിമകളിലൂടെയാണ് കലാഭവന്‍ ഹനീഫ് കയറിവന്നത്. കലാഭവന്‍ ഹനീഫ് ചെയ്ത കോമഡി റോളുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപിന്റെ മിക്ക സിനിമകളിലും നടന് ശ്രദ്ധേയ റോളുകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ സിനിമകളിലെ സ്ഥിരസാന്നിദ്ധ്യത്തെ കുറിച്ച് മനസുതുറക്കുകയാണ് കലാഭവന്‍ ഹനീഫ്.
ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ദിലീപിന്റെ സിനിമകളില്‍ എപ്പോഴും അവസരം ലഭിക്കാറുണ്ടെന്നും ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും താന്‍ പോയി അഭിനയിക്കുമെന്നും ഹനീഫ് പറയുന്നു.
ദിലീപ് തന്നെ വിളിപ്പിക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ ഒരു കോക്കസിലും പെടാത്ത ആളായിരുന്നുവെന്നും ഹനീഫ് വ്യക്തമാക്കുന്നു.
ദിലീപിന്റെ എല്ലാ പടത്തിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും തന്നോട് ചോദിച്ച കാര്യവും കലാഭവന്‍ ഹനീഫ് പറയുന്നു.
ഹനീഫിന്റെ വാക്കുകള്‍ ഇങ്ങനെ… ആലോചിച്ചപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാന് പിടിച്ച ഒരു പരിപാടിക്കിടെയാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. റഹ്മാനും ഞാനും ദിലീപും കൂടിയാണ് അന്ന് പരിപാടി അവതരിപ്പിച്ചത്.
അന്ന് ദിലീപ് എനിക്ക് ജഗതിയെ അനുകരിച്ച് കാണിച്ച് തന്നിട്ടുണ്ടെന്ന് നടന് പറഞ്ഞു. അന്ന് ജഗതി ചേട്ടന്റെ ശബ്ദം വളരെ കൃത്യമായി അനുകരിച്ചുകൊണ്ടുളള ദിലീപിന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. നല്ല ഗ്രാസ്പിങ് പവറുളള കലാകാരനാണ്.
അബിയുടെ കല്യാണത്തിനാണ് പിന്നെ വീണ്ടും കണ്ടത്. പിന്നെയും കുറെകഴിഞ്ഞ് തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ ദിലീപിന്റെ കൂടെ അഭിനയിച്ചു. അതിന് ശേഷം ദിലീപിന്റെ എല്ലാ പടത്തിലും ഒരു ചെറിയ വേഷമെങ്കിലും എനിക്ക് ഉണ്ടാവും. ഹനീഫ് പറയുന്നു.
ദിലീപിന്റെ അല്ലാത്ത പടങ്ങളിലും തന്നെ റെക്കമെന്റ് ചെയ്യുമായിരുന്നുവെന്നും ഹനീഫ് പറയുന്നു. അങ്ങനെ ചെയ്യേണ്ട കാര്യം ദിലീപിന് ഇല്ലെന്നും അത്രയും ഉയരെ നില്ക്കുന്ന നടനാണ് ദിലീപെന്നും ഹനീഫ് പറയുന്നു.
”ഒരിക്കല്‍ ഇതേകുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ എനിക്ക് ഇക്കയെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തില്‍ എല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓര്‍ത്താല്‍ മതി. അങ്ങനെയുളള ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റ് എന്താണ് ചെയ്യാന്‍ കഴിയുക” കലാഭവന്‍ ഹനീഫ് ചോദിക്കുന്നു.