കൊച്ചി: ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫിന്(64) കലാകേരളം വിട നല്കി.
മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഷാദി മഹലില്‍ രാവിലെ ഒന്‍പതിന് ആരംഭിച്ച പൊതുദര്ശനത്തില് പ്രിയ നടന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളെത്തി. തുടര്‍ന്ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍ കബറടക്കം നടന്നു.
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കലാഭവന്‍ ഹനീഫിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എറണാകുളം മട്ടാഞ്ചേരി കരുവേലിപ്പടി മണപ്പുറത്ത് വീട്ടില്‍ ഹംസയുടെയും സുബൈദയുടെയും മകനാണ് ഹനീഫ്.
മിമിക്രി കലാകാരനായി തുടക്കം
സ്കൂള്‍ പഠന കാലത്ത് മിമിക്രിയിലൂടെയായിരുന്നു തുടക്കം. പ്രീഡിഗ്രി പഠനത്തിനുശേഷം പോസ്റ്റ് ഓഫീസ് ജീവനക്കാരനായും ഹാര്‍ഡ് വെയര്‍ കമ്പനിയുടെ സെയില്‍സ് റപ്രസന്റേറ്റീവായും പ്രവര്‍ത്തിച്ചു. ഒപ്പം മിമിക്രി പരിപാടികളും ചെയ്തിരുന്നു. പിന്നീട് നാടക വേദികളിലും സജീവമായി.
സുഹൃത്തും പ്രശസ്ത മിമിക്രി, സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിന് കലാഭവനിലെത്തിച്ചത്. പിന്നീട് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി. സിദ്ദീഖ്, ലാല്‍, ജയറാം, സൈനുദ്ദീന്‍, ഹരിശ്രീ അശോകന് തുടങ്ങിയവര്‍ക്കൊപ്പം കലാഭവനില്‍ പ്രവര്‍ത്തിച്ചു.
മുന്നൂറോളം സിനിമകള്‍
കലാഭവനില്‍ ഇവിടെവച്ചാണ് ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയില്‍ അവസരം കിട്ടിയത്. പിന്നീട് കലാഭവന്‍ വിട്ട് പിതാവിന്റെ ബിസിനസിലേക്കെത്തി. ഇടവേളകളില്‍ റിലാക്സ് എന്ന ട്രൂപ്പിലും പ്രവര്‍ത്തിച്ചു. അക്കാലത്തും സിനിമകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം പൂര്‍ണമായും സിനിമയില്‍ ശ്രദ്ധിച്ചു.
മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്സ് പരേഡാണ് ഹനീഫിനെ ശ്രദ്ധേയമാക്കിയ ആദ്യ ചിത്രം. തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, പാണ്ടിപ്പട, തുറുപ്പുഗുലാന്‍, ജനപ്രിയന്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്, ഉസ്താദ് ഹോട്ടല്‍, 2018 തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം.
മുപ്പതോളം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ‘കോമഡിയും മിമിക്സും പിന്നെ ഞാനും’ അടക്കം പല ടെലിവിഷന്‍ ഷോകളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: വാഹിദ. മക്കള്‍: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്. മരുമക്കള്‍: ഫര്‍ഹാന, ഇസ്മയില്‍.