ഇരിങ്ങാലക്കുട: മിമിക്രി കലാകാരനും ബിൽഡറുമായ കരൂപ്പടന്ന സ്വദേശി കബീറിന്റെ മരണത്തിനു പിന്നിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയും ബിൽഡറായ ഭർത്താവും ചേർന്നു സൃഷ്ടിച്ച മാനസിക സമ്മർദമാണെന്ന ആരോപണവുമായി കബീറിന്റെ സഹോദരങ്ങൾ.
ഇരുവരും കബീറിന്റെ കെട്ടിട നിർമാണങ്ങൾക്കു തടസങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നു സഹോദരങ്ങളായ സഗീർ അബ്ദുൾ കരീം, അഡ്വ. കെ.എ. അക്ബർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കബീറിന്റെ നിർമാണ പ്രവർത്തനങ്ങൾ തന്നെ എൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥയുടെ ഭർത്താവ് കബീറിനെ സമീപിച്ചിരുന്നത്.
കരാർ നല്കാഞ്ഞതിനെത്തുടർന്ന് 26ൽ പരം വിവരാവകാശ അപേക്ഷകൾ നൽകിയും നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി കെട്ടിടങ്ങളുടെ നന്പറിംഗും കംപ്ലീഷൻ സർട്ടിഫിക്കറ്റും വൈകിപ്പിച്ച് കബീറിനെ ബുദ്ധിമുട്ടിക്കുകയായിരുന്നു.
നിർമാണ പ്രവർത്തനങ്ങൾ ദീർഘിപ്പിക്കുന്നത് ഒഴിവാക്കാൻ ഉദ്യോഗസ്ഥയുടെ ഭർത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചു കബീർ പണം നല്കിയിട്ടുണ്ടെന്നും സഹോദരങ്ങൾ വെളിപ്പെടുത്തി.
മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യണമെന്നും കബീറിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പു മന്ത്രിക്കും വിജിലൻസിനും പരാതി നല്കിയിട്ടുണ്ടെന്നും അറിയിച്ചു.
ആരോപണം അടിസ്ഥാന രഹിതം
ഇരിങ്ങാലക്കുട: മാനസിക സമ്മർദമാണു കബീറിന്റെ മരണത്തിനു കാരണമായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു പഞ്ചായത്ത് എൻജിനീയറിംഗ് ഉദ്യോഗസ്ഥ പറഞ്ഞു.
കബീർ നടത്തുന്ന അനധികൃത നിർമാണങ്ങൾക്ക് കൂട്ടുനിൽക്കുവാൻ താൻ തയാറായിരുന്നില്ല. പണിത കെട്ടിടങ്ങളിൽ നിരവധി അപാകതകൾ ഉണ്ട്. പല കെട്ടിടങ്ങൾക്കും പഞ്ചായത്തിൽ നിന്നും നന്പർ ലഭിച്ചതിനുശേഷം കൂട്ടിച്ചേർക്കലുകൾ നടത്തുന്നതടക്കം പല കൃത്രിമങ്ങളും ഉണ്ടായിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം പഞ്ചായത്ത് സെക്രട്ടറിക്കും മറ്റും റിപ്പോർട്ടു നൽകിയിട്ടുണ്ട്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന പരാതി സമീപവാസികൾ പഞ്ചായത്തിനു നൽകിയിട്ടുണ്ട്. തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ പറഞ്ഞു.