കലാഭവന്‍ മണി മരിച്ച് ഒരുവര്‍ഷം പിന്നിടുമ്പോള്‍, മണിയുടെ മരണം സ്വാഭാവികമാണെന്ന നിഗമനത്തില്‍ പോലീസെത്തിചേര്ന്നിരിക്കുന്നു. കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് സഹോദരനായ കെ.ആര്. രാമകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് പോലീസ് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയത്. നരഹത്യ, ആത്മഹത്യാ സാധ്യതകള്‍ക്കു പുറമെ, രോഗം മൂലമുള്ള സ്വാഭാവിക മരണം, അറിയാതെ വിഷമദ്യം കഴിക്കുക എന്നീ സാധ്യതകളും പരിശോധിച്ചതായി പോലീസ് വ്യക്തമാക്കി. മണിയുമായി അടുപ്പമുണ്ടായിരുന്ന ക്രിമിനലുകളായ ഗുണ്ടുകാട് സാബു, വെട്ടില്‍ സുരേഷ്, പ്രിയന് പള്ളുരുത്തി തുടങ്ങിയവരെ ചോദ്യം ചെയ്തു. എന്നാല്‍, സംശയിക്കാന്‍ തക്കതൊന്നും കണ്ടില്ലെന്നും പോലീസ് പറയുന്നു. കലാഭവന്‍ മണി മരിക്കാനിടയായതു മറ്റാരെങ്കിലും വിഷം നല്കിയതു മൂലമല്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
മണിയുടെ ഉള്ളില്‍ മീതൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതിനാല്‍ ഏതെങ്കിലും തരത്തില്‍ കീടനാശിനിയോ വിഷമോ കഴിച്ചതാണോ എന്നു സംശയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനിടെ ശേഖരിച്ച രക്തസാംപിള്‍ പരിശോധിച്ചതില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍, വിഷമദ്യത്തിന്റെയോ കീടനാശിനിയുടെയോ പ്രകടമായ സൂചനകളൊന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോക്ടര്‍മാരോ പൊലീസ് സര്‍ജനോ ശ്രദ്ധിച്ചിരുന്നില്ല. സംശയമുണ്ടായ സാഹചര്യത്തില്‍ രക്തവും മൂത്രവും ആന്തരികാവയവങ്ങളും മറ്റും ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബില്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ഈതൈല്‍ ആല്‍ക്കഹോള്‍, മീതൈല്‍ ആല്‍ക്കഹോള്‍ എന്നിവ മാത്രമാണു കണ്ടത്. പരിശോധനാ ഫലം സംബന്ധിച്ചു മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും പരിഗണനയിലാണെന്നും അറിയിച്ചു. 2015 മുതലുള്ള രോഗ, ചികില്‍സാ ചരിത്രം വച്ചാണു സ്വാഭാവിക മരണത്തിനുള്ള സാധ്യത പരിശോധിച്ചത്. മണിക്ക് കരള്‍, വൃക്ക രോഗങ്ങളും മറ്റുമുണ്ടായിരുന്നു.
മറ്റാരെങ്കിലും വിഷം നല്കിയതാണോ എന്നറിയാന്‍ സാമ്പത്തിക ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ്, സിനിമാ മേഖലയിലെ ശത്രുത, ഗുണ്ടാ സംഘങ്ങളില്‍ നിന്നും അടുപ്പക്കാരില്‍ നിന്നുമുള്ള ശത്രുത തുടങ്ങി വിവിധ വശങ്ങള് ്ന്വേഷണസംഘം പരിശോധിച്ചു. ഔട്ട്ഹൗസിലെ സ്ഥിരം സന്ദര്‍ശകരെയും അടുപ്പക്കാരെയും ചുറ്റിപ്പറ്റി അന്വേഷണം നടത്തി. മണി 2016 ജനുവരി ഒന്നു മുതല്‍ കുടുംബത്തില്‍ നിന്ന് അകലെയാണു താമസിച്ചത്. സിനിമാ, സ്റ്റേജ് ഷോ രംഗങ്ങളില്‍ നിന്നും ഏറെക്കാലം വിട്ടുനിന്നിരുന്നു. ഈ സാഹചര്യങ്ങളും മദ്യപാന സ്വഭാവവും പരിഗണിച്ച് ആത്മഹത്യാ സാധ്യത വിലയിരുത്തിയെങ്കിലും ഒന്നും കണ്ടില്ല. അറിയാതെ വിഷമദ്യം കഴിക്കാനുള്ള സാധ്യതയും അന്വേഷിച്ചു. വ്യാജച്ചാരായം പോലെയുള്ളവ മണിയും കൂട്ടരും കഴിക്കാറില്ല. ഔട്ട്ഹൗസ് പരിസരത്തു കീടനാശിനിക്കുപ്പിയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. മാത്രമല്ല, രൂക്ഷഗന്ധമുള്ളതിനാല്‍ അറിയാതെ കീടനാശിനി കഴിക്കാന്‍ സാധ്യതയില്ല. സാക്ഷികളെ ചോദ്യം ചെയ്തും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചും മെഡിക്കല്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്തും വിശദമായ അന്വേഷണം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.