ചാലക്കുടി: ചാലക്കുടിയിൽ മണിനാദം നിലയ്ക്കുന്നില്ല. ചാലക്കുടി എന്ന നാമം ലോകം മുഴുവൻ എത്തിച്ച കലാകാരനെ നാടിനു മറക്കാനാകുന്നില്ല.
കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് അഞ്ചു വർഷം തികയുന്പോൾ മഹാനായ കലാകാരനെ നാട് നെഞ്ചോടു ചേർത്ത് സ്മരിക്കുകയാണ്.
ഈ ദിനങ്ങളിൽ ചാലക്കുടിയിലെങ്ങും കലാകാര·ാരുടെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടി സ്മരണകൾ ഉണർത്തി.
മണി ജീവിച്ചിരുന്നപ്പോൾ ചാലക്കുടിയിൽ മണി സംഘടിപ്പിച്ച പരിപാടികൾ ജനങ്ങളുടെ ഓർമകളിൽ ഇന്നും മായാതെ നില്പ്പുണ്ട്.
മണിയുടെ തട്ടകമായ ചേനത്തുനാട് ക്രിസ്മസ് നാളുകളിൽ നടത്തുന്ന മെഗാ പുൽക്കൂട്, ചാലക്കുടി പുഴയിൽ 1000 നക്ഷത്രങ്ങൾ, ചാലക്കുടി പുഴയിൽ ഓണനാളുകളിൽ നടത്തിയ വള്ളംകളി മത്സരം, ചേനത്തുനാട് പള്ളിയിലെ തിരുനാളും കണ്ണന്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിലെ എഴുന്നള്ളിപ്പും, ഓണക്കളി മത്സരം, ഫുട്ബോൾ മേള തുടങ്ങിയ നിലയ്ക്കാത്ത ഓർമകളാണ് നാട്ടുകാർക്കുള്ളത്.
മണിയുടെ സഹായങ്ങൾ തേടി എത്തുന്നവർ നിരവധിയായിരുന്നു. രോഗികളും നിരാലംബരും തുടങ്ങി സഹായം ചോദിച്ച് വരുന്നവരെ ആരെയും മണി വെറും കൈയോടെ പറഞ്ഞയക്കാറില്ല.
ഓണം, വിഷു, ക്രിസ്മസ്, റംസാൻ തുടങ്ങിയ വിശേഷദിവസങ്ങളിൽ പാവപ്പെട്ടവർക്ക് അരിയും മറ്റു ഭക്ഷ്യവസ്തുകകളും വിതരണം ചെയ്തിരുന്നു.
സിനിമാ ഷൂട്ടിംഗിന്റെ തിരക്കുകളിൽ ഒഴിവ് കിട്ടുന്പോഴെല്ലാം ചേനത്തുനാട്ടിൽ തന്നെ മണി എത്തി സുഹൃത്തുക്കളോടും നാട്ടുകാരോടൊപ്പവും ചെലവഴിക്കുമായിരുന്നു.
താരമായി ഉയർന്നപ്പോഴും ഓട്ടോ ഓടിച്ചു നടന്നിരുന്ന കാലത്തെ മണി മറന്നില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന തന്റെ ഓട്ടോറിക്ഷയിൽ നാട്ടിലൂടെ ഓടിച്ചിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷൻ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ മണിയുടെ സഹായത്താൽ നിർമിച്ചിട്ടുണ്ട്. ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ മണി വാങ്ങിക്കൊടുത്ത ബസ് ഇപ്പോഴും ഓടുന്നുണ്ട്.
മണിയുടെ ചരമദിനം എല്ലാ വർഷങ്ങളിലും വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് ആചരിക്കാറ്. ഈ വർഷം കോവിഡിന്റെ സാഹചര്യത്തിലും മണിയുടെ അനുസ്മരണം ചിരസ്മരണ നടത്തുന്നുണ്ട്.
സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻ മണി സ്മാരക ട്രസ്റ്റ്, ചാലക്കുടി പൗരാവലി എന്നിവരുടെ നേതൃത്വത്തിൽ ടൗണ്ഹാൾ മൈതാനിയിൽ നടത്തുന്ന ചിരസ്മരണയിൽ നാടൻ പാട്ട് മത്സരവും വൈകിട്ട് 5.30ന് അനുസ്മരണ സമ്മേളനവും നടത്തും. നടൻ ജയരാജ് വാര്യർ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാനതല നാടൻപാട്ട് മത്സരവിജയികൾക്ക് ഒന്നാംസ്ഥാനം ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 75,000 രൂപയും മൂന്നാം സ്ഥാനം 50,000 രൂപയും നൽകും.
രാവിലെ പത്തിന് ചേനത്തുനാട് രാമൻ സ്മാരക കലാഗൃഹത്തിൽ കലാഭവൻ മണി കുടുംബ ട്രസ്റ്റിന്റെയും മറ്റും നേതൃത്വത്തിൽ അനുസ്മരണ ചടങ്ങുകൾ നടത്തും.