കൊച്ചി: നടന് കലാഭവന് മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില് സിബിഐ അന്വേഷണം ആരംഭിച്ചു. എറണാകുളം ചീഫ് ജുഡീഷല് മജിസ്ട്രേറ്റ് കോടതിയില് എഫ്ഐആര് രജിസ്റ്റര് ചെയ്താണു സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം തുടങ്ങിയത്. അസ്വഭാവിക മരണത്തിന് കേസെടുത്തിരിക്കുന്ന സിബിഐ എഫ്ഐആറില് ആരുടെയും പേര് പരാമര്ശിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണു കേസുമായ ബന്ധപ്പെട്ട രേഖകള് സിബിഐ ചാലക്കുടി സിഐയില് നിന്ന് ഏറ്റുവാങ്ങിയിരുന്നത്. ഈ രേഖകള് പരിശോധിച്ച ശേഷമാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഒരു മാസം മുമ്പ് ഹൈക്കോടതിയാണു കേസ് സിബിഐ അന്വേഷിക്കാന് നിര്ദേശിച്ചത്. മണിയുടെ ഭാര്യ നിമ്മിയുടെയും സഹോദരന് ആർ.എല്.വി. രാമകൃഷ്ണന്റെയും ഹര്ജിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം സിബിഐക്കു കൈമാറിയത്.
2016 മാര്ച്ച് അഞ്ചിനാണു മണിയെ വീടിനു സമീപത്തെ ഔട്ട്ഹൗസായ പാഡിയിൽ അവശനിലയില് കണ്ടത്. പിന്നീട് ആശുപത്രിയില് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും അസ്വാഭാവിക മരണമല്ലെന്നായിരുന്നു കണ്ടെത്തൽ. ഇതോടെയാണു ബന്ധുക്കള് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.