തൃശൂര്‍: ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ ദുരൂഹമരണത്തിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. അന്വേഷണം സിബിഐക്കു കൈമാറിയെങ്കിലും പോലീസിന്റെ ചുമതലകള്‍ അവസാനിക്കുന്നില്ലെന്നു കമ്മീഷനംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ എത്രയുംവേഗം അനാവരണം ചെയ്യപ്പെടണം.
കേസ് സിബിഐക്ക് കൈമാറിയെങ്കിലും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം തുടരുകയാണെന്നു സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. സിബിഐയ്ക്ക് കേസ് കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനവും കമ്മീഷനില്‍ ഹാജരാക്കി. കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കമ്മീഷനില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയ ഒന്നാണെന്നു മണിയുടെ ഭാര്യ നിമ്മിയും സഹോദരന് രാമകൃഷ്ണനും കമ്മീഷനില്‍ സമര്‍പ്പിച്ച ആക്ഷേപത്തില്‍ പറയുന്നു. മണി രക്തം ഛര്‍ദിക്കുന്നതു കണ്ട വിപിനെയും അരുണിനെയും കേസില്‍നിന്ന് ഒഴിവാക്കിയ പോലീസ് മുരുകനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അമൃത ആശുപത്രിയില്‍ എത്തുമ്പോള്‍ മണിക്കു ബോധം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തങ്ങള്‍ക്കു നല്‍കണമെന്നു ആക്ഷേപത്തില്‍ ആവശ്യപ്പെടുന്നു. കാക്കനാട് ലാബിലെ പരിശോധനാ ഫലം പോലീസ് സംശയിക്കുന്നതു ദുരൂഹമാണ്. മണിയുടെ ശരീരത്തിലുണ്ടായിരുന്ന മെഥനോളിനെക്കുറിച്ച് പോലീസ് അന്വേഷിക്കാത്തതു ബിനാമികളെ ഭയന്നിട്ടാണെന്നും ആക്ഷേപത്തില്‍ പറയുന്നു. അമൃത ആശുപത്രിയിലെ ലാബ് പരിശോധനയെക്കുറിച്ചും സംശയമുണ്ട്.
മണിയുടെ ശരീരത്തില്‍ മാത്രം വിഷമദ്യം എത്തിയത് എങ്ങനെയാണെന്നു പോലീസ് അന്വേഷിച്ചില്ല. രോഗം ഗുരുതരമായിട്ടും ഒരു പകല്‍ മുഴുവന്‍ അദ്ദേഹത്തെ പാഡിയില്‍ കിടത്തിയത് ദുരൂഹമാണെ ന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇവരുടെ ആക്ഷേപം അടിയന്തിരമായി പരിഗണിക്കണമെന്നു കമ്മീഷന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി.