കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ ജാഫര്‍ ഇടുക്കിയാണെന്ന വെളിപ്പെടുത്തലുമായി ഒരാള്‍ രംഗത്ത്. ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന താജ് താഹിര്‍ എന്നയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. തന്നോട് ജാഫര്‍ ഇത് പറഞ്ഞതായി താജ് താഹിര്‍ അവകാശപ്പെടുന്നു.
‘ഇക്കാണുന്ന ജാഫര്‍ ഇടുക്കിയാണ് കലാഭവന്‍ മണിയെ കൊന്നത്. എന്നോട് പറഞ്ഞിരുന്നു. ഏത് കോടതിയിലും പറയാന്‍ ഞാന്‍ ഒരുക്കമാണ്’ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ താജ് താഹിര്‍ പറയുന്നു. വിവാദമായതോടെ താഹിര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി മണിയുടെ സഹോദരന് രാമകൃഷ്ണന് ആരോപിച്ചിരുന്നു. കലാഭവന്‍ മണി ആശുപത്രിയാകുന്നതിന് തൊട്ടുമുന്‍പ് ജാഫര്‍ ഇടുക്കി സുഹൃത്തുക്കളുമായി പാഡിയില്‍ ഒത്തു ചേര്‍ന്നിരുന്നു. എന്നാല്‍, മണിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
അതേസമയം കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. മണിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി സിബിഐയോട് കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിബിഐ ഇന്‍സ്പെക്ടര്‍ വിനോദ് ചാലക്കുടിയില്‍ എത്തി കേസ് ഡയറി സ്വീകരിച്ചു. ചാലക്കുടി സിഐയില്‍ നിന്നാണ് കേസ് ഡയറി വാങ്ങിയത്. കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കിയിരുന്നെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ മടിക്കുകയായിരുന്നു. സിബിഐ അന്വേഷിക്കാന്‍ തക്ക കാര്യങ്ങളൊന്നും കേസിലില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ മരണത്തില്‍ ഗുഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ വീണ്ടും ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവരും. മണിയുടെ ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മണിയുടെ ശരീരത്തില്‍ മെഥനോള്‍ അടങ്ങിയ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്ന തരത്തിലൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ പോലീസ് ചോദ്യം ചെയ്ത മണിയുടെ സുഹൃത്തുക്കളെയും സഹായികളെയും സിബിഐ സംഘം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.