ഋഷി
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ആരൊക്കെയോ ചോദിക്കുന്നു… ഞങ്ങൾ ചാലക്കുടിക്ക് പോവുകയാണ്.. മണിച്ചേട്ടന്റെ വീട്ടിലേക്ക്.. നിങ്ങള് വരില്ലേ…നിങ്ങള് വരില്ലേ…
കാസർകോടു നിന്നും കൊയിലാണ്ടിയിൽ നിന്നും ആലപ്പുഴയിൽ നിന്നും ഭരണങ്ങാനത്തുനിന്നും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തുനിന്നുമെല്ലാം ഈ ചോദ്യം ആരെല്ലാമോ ചോദിച്ചുകൊണ്ടേയിരുന്നു… മണിച്ചേട്ടന്റെ ചാലക്കുടിക്ക് നിങ്ങളും വരില്ലേ… ആറാംതിയതി അവിടെ ചെന്ന് മണിച്ചേട്ടനെ ഒന്നുകൂടി കാണണ്ടേ…
മണിച്ചേട്ടൻ മരിച്ചിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരനുജന്റെ വരികൾ കണ്ണുനനയിക്കുന്നതായി….
ചാലക്കുടിക്ക് പോണം. നമ്മളൊക്കെ സങ്കടത്തോടെയാണ് ചെല്ലുന്നതെങ്കിലും മണിച്ചേട്ടന് സന്തോഷമായിരിക്കും. എല്ലാവരേം കാണുമ്പോൾ…ഹായ്.. ഇതാരക്യാ വരണേ… ഇങ്കട്ള്ള വഴി മറന്നിട്ടില്ല്യാല്ലേ ഗഡികളേ… എന്നും ചോദിച്ച് കാവിമുണ്ടും നല്ല കളർഫുൾ ഷർട്ടുമിട്ട് കുങ്കുമക്കുറിയുമണിഞ്ഞ് മണിച്ചേട്ടൻ അവിടെയുണ്ടാകും.
ചേന്നത്തുനാട്ടിലെ ഇടവഴികളിലൂടെ ബൈക്കിൽ ചുറ്റിയടിച്ച് അപ്പുറത്തേം ഇപ്പുറത്തേം വീട്ടിൽ കയറി അവരിൽ ഒരാളായി തമാശ പറഞ്ഞ്, കാര്യങ്ങൾ തിരക്കി… നമുക്കാർക്കും കാണാൻ കഴിയാതെ അങ്ങിനെ മണിച്ചേട്ടൻ ചാലക്കുടിയിലുണ്ടാകും… പക്ഷേ മണിച്ചേട്ടന് എല്ലാരേം കാണാം… അതോണ്ട് പോകാതിരിക്കരുത്… കാത്തിരിക്കും മണിച്ചേട്ടൻ…
മണിയെ സ്നേഹിക്കുന്നവർ മാത്രമായിരിക്കുമോ മണിയുടെ ഓർമദിനത്തിൽ ചേന്നത്തുനാട്ടിലെത്തുക. മണി എല്ലാവരേക്കാളും സ്നേഹിച്ച മണിയുടെ കഥാപാത്രങ്ങൾക്ക് തങ്ങൾക്ക് ജീവനും ഓജസ്സുമേകിയവനെ കാണാതിരിക്കാനാകുമോ..അവരും എത്തില്ലേ മണിയെ കാണാൻ ചേന്നത്തുനാട്ടിലേക്ക്…മരണത്തിന് കീഴടങ്ങിയ നടനും മരണമില്ലാത്ത കഥാപാത്രങ്ങളും തമ്മിൽ ശ്രാദ്ധദിനത്തിലൊരു കൂടിക്കാഴ്ച. ഫാന്റസിയും ഇമോഷനും ചേർന്നലിഞ്ഞ സീക്വൻസ്….
വരാതിരിക്കാനാവില്ല മണിയുടെ കഥാപാത്രങ്ങൾക്ക്. ഒരുപക്ഷെ രാവിലെ തന്നെ ഓട്ടോയുമെടുത്ത് അയാളെത്തിയിരിക്കും. അക്ഷരത്തിലെ ഓട്ടോ ഡ്രൈവർ. ആ ഓട്ടോയും ഓടിച്ചല്ലേ മണി മലയാള സിനിമയിലേക്ക് കടന്നുവന്നത്. സിനിമയുടെ പേര് അറം പറ്റിയല്ലേ മണിച്ചേട്ടാ എന്നും ചോദിച്ച് യാത്രചോദിക്കാതെ എന്ന സിനിമയിലെ ബാലനും വന്നിരിക്കും. ആമേനിലെ ലൂയിപാപ്പൻ വന്ന് ബ്യൂഗിളിൽ ഏത് പാട്ടായിരിക്കും വായിക്കുക. ഏതെങ്കിലുമൊരു നാടൻ പാട്ടായിരിക്കും… മണിക്കിഷ്ടമുള്ള പാട്ട്.. ലൂയിപാപ്പൻ ഏത് പാട്ടുപാടിയാലും മണിക്കതിഷ്ടമാകും.
ഇന്ത്യൻ ഓട്ടോ സർവീസ് എന്ന ഐഎഎസ് പണ്ടേയിടുത്ത ശേഷം സാക്ഷാൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്ന ഐഎഎസ് നേടിയ ലോകനാഥനും ഇന്ന് ചേനത്തുനാട്ടിലെത്തും. കാക്കിയിട്ട ബെൻ ജോണ്സണ് വന്ന് ഒരു സല്യൂട്ടടിക്കാതെ പോകാൻ പറ്റ്വോ…സുഹൃത്തുക്കൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറുള്ള നസ്രാണിയിലെ സുകുമാരനേം മാമ്പഴക്കാലത്തിലെ ജോസിനേം നാട്ടുരാജാവിലെ മണിക്കുട്ടനേം ബാലേട്ടനിലെ മുസ്തഫേം കാണുമ്പോൾ സുഹൃത്തുക്കളെ ഒരുപാട് സ്നേഹിക്കുന്ന എന്തു സന്തോഷമായിരിക്കും.
മാനസാന്തരം വന്ന സീരിയൽ കില്ലർ ഈശോ അലക്സ് സിബിഐയിലെ സേതുരാമയ്യർക്കൊപ്പമാകും മണിയുടെ വീട്ടിലെത്തുക.തമിഴ്നാട്ടിൽനിന്ന് തിരുപ്പതി പെരുമാൾ എന്ന ആ പഴയ മുനിയാണ്ടി വീണ്ടും മലയാളനാട്ടിലേക്ക് എത്തുമ്പോൾ ആ രാജപ്രൗഢിക്കു മുന്നിൽ മണി പോലും നിശബ്ദനാകും. നായ്ക്കളെ പിടികൂടുന്ന തിരക്കുണ്ടെങ്കിലും ഉടുമ്പു വാസുവും എത്താതിരിക്കില്ല.
രാക്ഷസരാജാവായ രാമനാഥന്റെ കൂടെ മന്ത്രി ഗുണശേഖരൻ എത്തും. പിന്നെ വിക്കി വിക്കി മണിയോട് സംസാരിക്കും.
അകക്കണ്ണുകൊണ്ട് എല്ലാം കണ്ട് രാമുവും മണിക്കൂടാരത്തിലെത്തും. പിന്നെ കണ്ണും മനസും നിറയ്ക്കും വിധം പാടും. മണിക്കേറെ ഇഷ്ടപ്പെട്ട ചാന്തുപൊട്ടും ചങ്കേലസ്സും..
എല്ലാവരും പോയിക്കഴിഞ്ഞേ കുട്ടൻ വരു. .കരുമാടിക്കുട്ടൻ… നന്ദിനിക്കൂട്ടീം കൂട്ടി കുട്ടൻ വരും…ഇവരെയെല്ലാം മണി കാണും. സംസാരിക്കും. സുഖവിവരങ്ങൾ തിരക്കും. അടുത്ത വർഷോം വരാമെന്ന് പറയുന്നവരോട് അങ്ങിനെ കണക്കൊന്നും വെക്കണ്ട, നിങ്ങക്ക് എപ്പൊ എന്നെ കാണണംന്ന് തോന്നുണോ അപ്പങ്കട് എത്തിക്കോ എന്നും പറഞ്ഞ് പുറത്തുതട്ടി അവരെ യാത്രയാക്കും.. പടിയിറങ്ങിപ്പോകുന്ന അവരെ നോക്കി നിൽക്കുമ്പോൾ മണിയുടെ കണ്ണുകൾ നിറയും… എന്നിട്ട് പറയും… ഒക്കെ പാവങ്ങളാ… ഓടി വന്നിരിക്ക്യാ കാണാൻ…
സിനിമയിലൊപ്പം പ്രവർത്തിച്ചവർ വീട്ടിലെത്തുമ്പോൾ മണിയുടെ ആത്മാവ് എത്ര സന്തോഷിക്കും. ചാലക്കുടിയിലെ ഋത്വിക് റോഷനെ കാണാൻ നാദിർഷയും പ്രിയപ്പെട്ട ചാലക്കുടിക്കാരൻ ചങ്ങാതിയെ കാണാൻ ദിലീപും എത്തിയാലും ഇല്ലെങ്കിലും തങ്ങളുടെ പ്രിയ കൂട്ടുകാരൻ യാത്ര പറഞ്ഞ ദിവസം അവർക്ക് വേദനയോടെ മാത്രമേ ഓർക്കാനാകൂ. വരാൻ കഴിയാത്തവരോട് മണിക്ക് പരിഭവമുണ്ടാവില്ല. കാരണം സിനിമയിലെ തിരക്ക് മണിക്കറിയാം.
അതുകൊണ്ട് മണി പറയും- എത്താൻ കഴിയുന്നവർ എത്തട്ടേ… ഓരോരുരത്തരും ഓരോ ഭാഗത്ത് ഷൂട്ടിലായിരിക്കും. സെന്റിമെന്റ്സ് പറഞ്ഞ് ഓടിയെത്തുന്പോൾ സിനിമ മുടങ്ങും. അതുണ്ടാക്കുന്ന നഷ്ടം വലുതല്ലേ.. അതോണ്ട് ആദ്യം വർക്ക് നടക്കട്ടെ… ഫ്രീയാകുമ്പോൾ എന്റെ കൂട്ടുകാര് ചാലക്കുടിക്ക് വെച്ചുപിടിച്ചോ.. അപ്പോ സ്റ്റാർട്ട് ആക്ഷൻ ക്യാമറ…
എന്നും പറഞ്ഞ് മണി ചിരിക്കും. ആ പത്തര മാറ്റ് കിലുക്കമുള്ള മണിച്ചിരി… ചേന്നത്തുനാട്ടിൽ സ്മരണകളും സമരങ്ങളുമെല്ലാം ഒത്തു ചേർന്നിരിക്കുന്നു. പട്ടിണി കിടന്ന കഥകൾ മണി ഒരുപാട് തവണ കണ്ണീരോടെ പറഞ്ഞിട്ടുണ്ട്. തന്റെ സഹോദരൻ രാമകൃഷ്ണനും കുടുംബാംഗങ്ങളും മൂന്നുദിവസമായി പട്ടിണികിടക്കുന്നത് കണ്ട് ഇപ്പോഴും മണിയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകുമെന്നുറപ്പ്. കലാഗൃഹത്തിനു പുറത്തെ പ്രതിമയുടെ ഉറപ്പൊന്നും മണിയുടെ കരളിനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് പ്രിയപ്പെട്ടവരുടെ വേദന കാണുന്പോൾ…
ജസ്റ്റിസ് ഫോർ മണി എന്ന് ഫ്ളെക്സ് ബോർഡകൾ പലയിടത്തുമുണ്ട്. സോഷ്യൽമീഡിയയിലുമുണ്ട്. നിങ്ങടെ സ്നേഹത്തേക്കാൾ വലുതല്ല ഈ കലാഭവൻ മണിക്ക് ഒരു നീതീം ന്യായോം എന്നായിരിക്കും മണി പറയുന്നത്.. നമുക്ക് കേൾക്കാൻ സാധിച്ചില്ലെങ്കിലും നമുക്കങ്ങനെ കരുതാം…
മരണത്തിന്റെ 365-ാം നാളിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്. മരണകാരണം തേടിയുള്ള യാത്രയുടെ ഉത്തരം ചിലപ്പോൾ വർഷങ്ങൾക്കപ്പുറമായിരിക്കാം തെളിയുക. കണ്ടെത്തിയ കാര്യകാരണങ്ങൾ, കണ്ടെത്താനുണ്ടെന്ന് പലരും വിശ്വസിക്കുന്ന കാര്യകാരണങ്ങൾ…ഇവയ്ക്കിടയിലൂടെയാണ് മണിയില്ലാത്ത ഒരു വർഷം കടന്നുപോയത്.
സ്മൃതികുടീരത്തിനു മുന്നിൽ വന്നുനിന്ന് കരയുന്നവരുടെ കൂട്ടത്തിൽ മണി സഹായിച്ചിട്ടുള്ളവരുണ്ടാകാം, മണിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്തവരുണ്ടാകാം… പക്ഷെ ഏതൊക്കെയോ നാട്ടിൽ നിന്ന് എല്ലാ തിരക്കുകളും മാറ്റിവച്ച്, അവരെല്ലാം ഇവിടെയെത്തി മണിയുടെ സ്മൃതികുടീരത്തിനും പ്രതിമയ്ക്കും മുന്നിൽനിന്ന് വിതുമ്പുമ്പോൾ അവരെയൊക്കെ ചേർത്തു പിടിച്ച് എന്തിനാ കരയണ്… ഇനി കരയാൻ പാടില്ലാട്ടോ എന്ന് മണിയും കണ്ണിൽ വെള്ളംനിറച്ച് പറഞ്ഞേനേ.. കൂട്ടുകാർക്ക് വേണ്ടിയാണ് മണി ജീവിച്ചതെന്ന് പലരും പറയാറുണ്ട്. ചിലരൊക്കെ അതൊരു പോരായ്മയായും പറയാറുണ്ട്. അവരോട് മണി പറഞ്ഞ ഡയലോഗിന് ഒരു സിനിമാസ്റ്റൈൽ പഞ്ചുണ്ട്…
ഞാനെന്തുകൊണ്ടാണ് ഈ കൂട്ടുകാരുടെ കൂടെകൂടെ എന്നല്ലേ ഡൗട്ട്. എന്റെ കൂടെ നിൽക്കുന്നവരെല്ലാം പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവർ. അതുകൊണ്ടാണ് ഞാൻ അവർക്കൊപ്പം നിൽക്കുന്നത്. എനിക്കു വേണമെങ്കിൽ വലിയ വലിയ ക്ലബുകളിൽ മെംബർഷിപ്പെടുത്ത് അവിടെയുള്ളവരുമായി കൂട്ടുകൂടിയിരിക്കാം. പക്ഷെ എനിക്കതു വേണ്ട… എനിക്കീ ചാലക്കുടി മതി, ഈ പുഴയോരം മതി, എന്റെയീ പാടി മതി…എന്റെയീ കുട്ടൂകാരും വീട്ടുകാരും മതി..
പുഴയാണ് എല്ലാറ്റിനും സാക്ഷി. ഒഴുകുന്ന കാലത്തിനും മാറ്റങ്ങൾക്കുമെല്ലാം ഒഴുകുന്ന ചാലക്കുടി പുഴ സാക്ഷി. അന്യദിക്കിൽ നിന്നെത്തിയവർക്ക് പോലും ചാലക്കുടി പുഴ കാണണമെന്ന് പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി. ഒരു പുഴയുടെ പേര് ലോകത്തെ അറിയിച്ചാണ് മണി കടന്നുപോയത്. ഈ ചാലക്കുടി പുഴ ഇനി ഇല്ലാതാവില്ലെന്ന് മനസ് മന്ത്രിച്ചു. കാരണം മണിയെ അറിയുന്നവർക്കെല്ലാം ചാലക്കുടി പുഴയുമറിയും. ചാലക്കുടിയെ മാത്രമല്ല ചാലക്കുടി പുഴയേയും പ്രശസ്തമാക്കി മണി. പുഴയ്ക്കരികിലിരുന്നും പുഴയിലൂടെ തോണി തുഴഞ്ഞും മണി പാടിയ നാടൻ പാട്ടുകൾ കേട്ടതുകൊണ്ടാകാം ചാലക്കുടി പുഴയ്ക്കുണ്ടൊരു നാടൻ പാട്ടിന്റെ താളം…
ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നേഴ്സുമാർ… അവർക്കും മറക്കാനാകില്ല മലയാളത്തിന്റെ മണിമുത്തിന്റെ ശ്വാസം നിലച്ച ആ നാൾ. മരിച്ചിട്ടും മണിയുടെ രക്തവും ആന്തരികാവായവങ്ങളുമൊക്കെ ഇപ്പോഴും ഏതൊക്കെയോ ലാബുകളിലുണ്ട്…. മരിക്കാതെ…. പേരറിയാത്ത ഏതൊക്കെയോ രാസലായിനികളിൽ നനഞ്ഞ്…
പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്ക് എന്തായിരിക്കും തോന്നിയിട്ടുണ്ടാവുക. അവരേയും ചിരിപ്പിച്ചിട്ടില്ലേ മണി ഒരുപാട്. അങ്ങിനെ ഒരാൾ പോസ്റ്റുമോർട്ടം ടേബിളിലെത്തുന്പോൾ ഡോക്ടർമാർക്ക് എന്താകും മനസിൽ തോന്നിയിരിക്കുക. ആലോചിക്കാൻ വയ്യ… എത്ര വിഷമത്തോടെയായിരിക്കും അവർ ആ ശരീരത്തിൽ മുറിപ്പാടുകൾ സൃഷ്ടിച്ചിരിക്കുക… വ്യക്തിബന്ധങ്ങൾ ഡോക്ടറുടെ ഡ്യൂട്ടിയെ ബാധിക്കരുതെന്ന് മെഡിക്കൽ എത്തിക്സ് ഉണ്ടെങ്കിലും….
ചരമവാർഷികദിനത്തിൽ അവരോടൊക്കെ നന്ദി പറയാൻ സമയം കണ്ടെത്തും മണി. ചാലക്കുടിയിലേക്ക് എവിടെ നിന്നൊക്കെയോ വണ്ടികൾ വരുന്നു. ആളുകൾ വഴി ചോദിക്കുന്നുണ്ട്. കലാഭവൻ മണിയുടെ വീട്ടിലേക്കുള്ള വഴി. വഴി കൃത്യമായി പറഞ്ഞുകൊടുക്കുന്നവർ. അവർക്ക് വിശ്രമമില്ല…വണ്ടികൾ വന്നുകൊണ്ടേയിരിക്കും…
വന്നവരെല്ലാം പോയിക്കഴിയുമ്പോൾ… അതുണ്ടാവില്ല… ആളുകൾ വന്നുകൊണ്ടേയിരിക്കും… ഈ ഒരു വർഷവും ആളുകൾ അങ്ങിനെ വന്നും പോയിക്കൊണ്ടുമിരുന്നു…
എല്ലാവരേം കണ്ടതിന്റെ സന്തോഷത്തിലാകും മണി.
ആരും മറന്നില്ലല്ലോ എനിക്കത് മതി.. മണിച്ചേട്ടാ എന്നൊരു വിളി മതി… ഒരു തുള്ളി കണ്ണീരു മതി… ബലിച്ചോറില് ഉപ്പിടില്ലെങ്കിലും ഒരുപാടു കണ്ണുനീർത്തുള്ളികൾ വീണ് എന്റെ ബലിച്ചോറിന് ഉപ്പുരസംണ്ട്ട്ടോ… ആരും കരയരുത്… വിഷമിക്കരുത്…
അതുംപറഞ്ഞ് മണി പതിയെ പാടും..
നേരെ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെയീ തറവാട്ടിൽ
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കേപുറത്തെ മുറ്റത്ത്
ആറടി മണ്ണിൽ ഉറങ്ങിയല്ലോ…
ആറടി മണ്ണിലുറങ്ങിയല്ലോ…