കലാഭവന്‍ മണിയോട് ആത്മാര്‍ത്ഥമായ അടുപ്പം പുലര്ത്തിയിരിരുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ സംവിധായകന് വിനയന് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ചില പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
കലാഭവന്‍ മണിയുടെ ജീവിതാനുഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംവിധായകന് വിനയന് ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി തീയ്യേറ്ററുകളിലേക്ക് എത്തിയ വേളയിലാണ് കലാഭവന്‍ മണിയെക്കുറിച്ച് സംവിധായകന് വിനയന് മനസ് തുറക്കുന്നത്. രൂപത്തിലും ഭാവത്തിലും മണിയോട് സാമ്യമുള്ള രാജാമണിയാണ് കലാഭവന്‍മണിയായി എത്തുന്നത്. ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍.
ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന അവസരങ്ങളിലെല്ലാം വിനയന് കലാഭവന്‍ മണിയുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്താറുണ്ട്. വിനയന്റെ വാക്കുകളിങ്ങനെ…
സിനിമയില്‍ പ്രശസ്തനായിട്ടും മണി വന്ന വഴി മറന്നില്ല. ഒരിക്കല്‍ പെരുമഴയില്‍ വണ്ടിയില്‍ പോകുമ്പോള്‍ ഫ്ളക്സ് കൊണ്ടുണ്ടാക്കിയ കുടിലില്‍ അമ്മയും മക്കളും താമസിക്കുന്നത് കണ്ടു. ഉടന്‍ വണ്ടി നിര്‍ത്തി അവരുടെ സമീപത്തെത്തി പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും വീട് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യങ്ങളാണ്.
മണി സുഹൃദ് വലയത്തില്‍ അകപ്പെടുന്നതും മദ്യത്തിന് അടിമയാകുന്നതും എല്ലാവരേയും ഞെട്ടിച്ച് മരണപ്പെടുന്നതും സിനിമയില്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. തന്നെ ഒന്‍പതു വര്‍ഷക്കാലം സിനിമയില്‍ നിന്നും വിലക്കി നിര്‍ത്തിയ കാലത്തു പോലും മണി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു. സാറിന് സാമ്പത്തിക പ്രശ്നമെന്തെങ്കിലും ഉണ്ടോ. കാശ് എത്രവേണേലും തരാം. സാറിനു വേണ്ടി സിഡി ഇറക്കാമെന്നും മണി പറഞ്ഞു. സ്വന്തമായി നീ തന്നെ ഇറക്കി കാശുണ്ടാക്കിയാല്‍ മതിയെന്നു താന്‍ തിരിച്ച് തമാശയായി മറുപടിയും നല്കിയെന്നു വിനയന് ഓര്‍ത്തെടുക്കുന്നു.