വാപ്പ എപ്പോഴും പറയും പഠനം അത് പ്രധാനമാണെന്ന്. ഏത് മേഖലയിൽ നമ്മൾ എത്തണമെന്ന് ആഗ്രഹിക്കുന്നത് ന്യായമാണ്. പക്ഷെ എവിടെ എത്തണം എന്ന് തീരുമാനിക്കുന്നത് കാലമാണ്.
പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഇടത്തായിരിക്കും നമ്മൾ ശോഭിക്കുക. സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.
പക്ഷെ ഞാൻ അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ്. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നു വാപ്പ മരിക്കുമ്പോൾ ഞാൻ.
വേദിയിൽ വാപ്പയെ ഞാൻ അനുകരിച്ച് കൊണ്ടിരിക്കെ ഇവിടെ വാപ്പ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഷോ കഴിഞ്ഞ് ഞാൻ ബാക്ക് സ്റ്റേജിൽ എത്തിയപ്പോൾ എല്ലാവരുടെയും മുഖം വാടിയിരിക്കുന്നു.
പ്രോഗ്രാം കുളമായിയെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നീടാണ് അവർ വാപ്പയുടെ കാര്യം പറഞ്ഞത്. വാപ്പയെ അവസാനമായി കാണാൻ എനിക്ക് സാധിച്ചില്ല. -കലാഭവൻ നവാസ്