നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നേരത്തെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഭാര്യ അനിതയോടൊപ്പമുള്ള ഫോട്ടോയാണ് വൈറലായിരുന്നത്. ഇരുപത്തിയഞ്ചോളം സിനിമയില്‍ ശബ്ദം നല്കിയ കലാകാരനാണ് ഈ ദുര്‍ഗതിയുണ്ടായത്. എന്നിട്ടും സിനിമാക്കാര് ആരും അന്വേഷിച്ചെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
തിരുവല്ലം ചിത്രാഞ്ജലിക്കടുത്തുള്ള വീട്ടിലേക്ക് മൃതദേഹം മാറ്റി. അവിടുന്ന് കലാഭവനില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവിലായിരുന്നു, കലാഭവന്‍ സാജന്. രോഗികളുടെ ബാഹുല്യം കാരണമാണ് സാജന് തുടക്കത്തില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നത്. രോഗം അതീവ ഗുരതരമായതോടെ ശനിയാഴ്ച രാത്രിയോടെ മെഡിക്കല്‍ ഐസിയുവിലേയ്ക്ക് മാറ്റുകയും ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റേയും മെഡിസിന് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. രോഗി വരുമ്പോള്‍ തന്നെ കരള്‍ രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.