ചാലക്കുടി: കലാഭവൻ മണി പാർക്കിന്റെ കമാനം നശിപ്പിച്ചിട്ടു മാസങ്ങൾ കഴിഞ്ഞെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രിയിലാണ് ദേശീയപതാകയുടെ നിറമുള്ള കമാനം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഇതുസംബന്ധിച്ച് പോലീസ് കേസെടുത്തിരുന്നുവെങ്കിലും നശിപ്പിച്ചവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കമാനം ഇപ്പോഴും വികൃതമായ നിലയിലാണ് നിലകൊള്ളുന്നത്. കമാനത്തിനു ത്രിവർണ കളർ നല്കിയത് കോണ്ഗ്രസ് പതാകയുടെ നിറമാണെന്ന് ആരോപിച്ച് നഗരസഭയിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇതിനിടെയാണ് കമാനത്തിന്റെ ത്രിവർണ കളർ മായ്ച്ചുകളഞ്ഞ് കമാനത്തിൽ അസഭ്യവാക്കുകൾ എഴുതിവച്ചത്. ത്രിവർണപതാകയുടെ നിറം തന്നെ കമാനത്തിനു നൽകിയാൽ വീണ്ടും എതിർപ്പ് ഉയരുമെന്നതിനാൽ നഗരസഭ നിസംഗത പാലിച്ചിരിക്കുകയാണ്.
കമാനത്തിന്റെ ത്രിവർണകളർ മാറ്റിയാൽ നഗരസഭ നേരത്തെ ചെയ്തത് തെറ്റാണെന്ന വിമർശനം ഉയരും ഇതാണ് കോണ്ഗ്രസ് നേതൃത്വത്തിലുള്ള ഭരണകക്ഷിയെ കുഴപ്പിക്കുന്നത്.
എന്തായാലും നിരവധി ടൂറിസ്റ്റുകൾ ഉൾപ്പെടെ എത്തുന്ന കലാഭവൻ മണി പാർക്കിന്റെ കമാനം ഇതേ നിലയിൽ നിൽക്കുന്നത് കലാഭവൻ മണിയോടുള്ള അനാദരവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കമാനം വികൃതമാക്കിയവരെക്കുറിച്ച്അന്വേഷണം ചെന്നെത്തുന്നത് ആരിലേ ക്കാണെന്ന് പോലീസിനും അറിയാം. അതുകൊണ്ടുതന്നെയാണ് അന്വേഷണം ഇഴയുന്നതെന്നാണ് ആരോപണം.