തൃശൂർ: കലാഭവൻ മണിയുടെ സ്മാരകത്തിനായി രണ്ട് ബജറ്റുകളിലായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധിച്ച് മണിയുടെ കുടുംബം. മണിയോട് ഇടത്പക്ഷ സര്‍ക്കാരിന് അവഗണനയാണെന്ന് സഹോദരന് ഡോ.ആര്‍എൽവി രാമകൃഷ്ണന് പ്രതികരിച്ചു.
നിരന്തരമായി പ്രതിഷേധിക്കുന്ന കുടുംബം എന്ന ചീത്തപേര് ഇനിയുണ്ടാക്കാൻ ആഗ്രഹമില്ല. സ്മാരകത്തിനായി പ്രതിഷേധ സമരം വീണ്ടും നടത്തും. ചലചിത്ര മേളകളിലും കലാഭവൻ മണിയെയും അദ്ദേഹത്തിന്റെ സിനിമകളേയും അവഗണിക്കുന്നുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു.
മണി മരിച്ചിട്ട് വരുന്ന മാർച്ച് മാസം എട്ട് വർഷമാവുകയാണ്. എന്നിട്ടും സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത് നടപ്പിലാക്കാത്തതിൽ ആശങ്കയുണ്ടെന്നും രാമകൃഷ്ണൻ അറിയിച്ചു.
സ്മാരകം പെട്ടെന്ന് നിര്‍മിക്കുമെന്നാണ് മന്ത്രി സജി ചെറിയാന് പറഞ്ഞിരുന്നത്. ഇത്തരം ഒരു അവഗണന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെതിരേ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഒരു പൊതു സ്വത്താണ് കലാഭവൻ മണി, അദ്ദേഹം പോയപ്പോഴുണ്ടായിരുന്ന എല്ലാവരുടെയും വികാരം നമ്മൾ കണ്ടതാണ്. ആ വികാരം ഞങ്ങൾ വിശ്വസിക്കുന്ന ഈ പാർട്ടിയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.