ചാലക്കുടി: കലാഭവൻ മണി സ്മാരകം നിർമിക്കുന്ന സ്ഥലവും നിർദിഷ്ട ആധുനിക മത്സ്യ മാർക്കറ്റും ഫിഷറീസ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.
ആധുനിക മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായിട്ടാണ് മന്ത്രി മാർക്കറ്റ് സന്ദർശിച്ചത്. ഫിഷറീസ്് വകുപ്പ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മത്സ്യ മാർക്കറ്റിനായി നിശ്ചയിച്ച സ്ഥലം സന്ദർശിച്ച മന്ത്രി തീരദേശ വികസന കോർപറേഷൻ തയ്യാറാക്കിയ ഡിപിആർ പരിശോധിച്ചു. 2.98 കോടി രൂപ ഇതിനുവേണ്ടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. നിലവിലുള്ള ഫിഷ് സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു.
രാവിലെ കലാഭവൻ മണി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മന്ത്രി മാർക്കറ്റിലെത്തിയത്. തുടർന്ന് കലാഭവൻ മണി സ്മാരകം നിർമാണത്തിനായി അനുമതി ലഭിച്ച സ്ഥലവും മന്ത്രി സന്ദർശിച്ചു.
തുടർന്ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പദ്ധതികളെ സംബന്ധിച്ച് മന്ത്രി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കലാഭവൻ മണി സ്മാരകത്തിന് അനുവദിച്ചിരിക്കുന്ന സ്ഥലം 20 സെന്റ് പരിമിതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നിർദിഷ്ട സ്ഥലത്തിന്റെ ബാക്കിയുള്ള 15 സെന്റ് സ്ഥലം കൂടി ഇതിൽ ഉൾപ്പെടുത്തി സ്മാരകമന്ദിരം മൂന്നു നിലകളായി നിർമിക്കുകയാണെങ്കിൽ അഞ്ച് കോടി രൂപ അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചു. മൂന്നു നില കെട്ടിടം നിർമിക്കുകയാണെങ്കിൽ ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം ഇവിടെയാക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.
സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ, ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, നഗരസഭ വൈസ് ചെയർപേഴ്സണ് സിന്ധു ലോജു, കലാഭവൻ മണി സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.ബി. സുനിൽകുമാർ, മുൻ എംഎൽഎ ബി.ഡി. ദേവസി, മുനിസിപ്പൽ കൗണ്സിലർമാരും മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിക്കാനും ചർച്ചയിലും പങ്കെടുത്തു.