മുക്കം: കോവിഡ് പരിശോധനാ ഫലം പോസിറ്റീവാകുന്നതോടെ ജീവിതം നിരാശയിലാണ്ട്, പാട്ടും കളിയുമെല്ലാം നിലച്ച അവസ്ഥയാണ് പലർക്കും. എന്നാൽ കോഴിക്കോട് എൻ ഐടി യിലെ എഫ് എൽ ടി സിയുടെ കഥ ഇപ്പോൾ മറിച്ചാണ്.
പാട്ടും കളിയുമായി കോവിഡിന്റെ അസ്വാസ്ഥ്യങ്ങൾ സംഗീതത്തിനു വഴിമാറിയ കാഴ്ചയാണിവിടെ. കലാഭവൻ സതീഷ്, കോവിഡ് സ്ഥിരീകരിച്ച് എത്തിയതാണ് ഇവിടെ എല്ലാവരുടെയും മനസ് പോസിറ്റീവാകാൻ കാരണമായത്.
കോവിഡ് സ്ഥിരീകരിച്ച് എഫ് എൽ ടി സിയിലേക്ക് പോവുമ്പോൾ പാട്ടും തത്കാലം നിർത്തിവെക്കേണ്ടി വരും എന്നായിരുന്നു കണക്കുകൂട്ടൽ.എന്നാൽ, പ്രതികൂല സാഹചര്യവും സംഗീതത്തിലൂടെ മാറ്റിയെടുക്കുകയായിരുന്നു ഈ കലാകാരൻ.
ഒപ്പം ഡോക്ടർമാർ മൈക്കും സ്പീക്കറും ഒരുക്കി, നോഡൽ ഓഫീസർ ഡോക്ടർ സി.കെ.ഷാജി അടക്കമുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ പുന്തുണയും.
സംഗീതാസ്വാദകർക്ക് ഏതു നേരവും വിരുന്നായിരിക്കുകയാണ് കലാഭവൻ സതീഷിന്റെ ജനപ്രിയ ഗാനങ്ങൾ.