വയനാട്: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. കൊല്ലത്തുവച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പുല്‍പ്പള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
മൂന്നു വർഷം മുമ്പാണ് വിദേശ രാജ്യത്ത് ജോലി വാഗ്ദാനംചെയ്ത് പുൽപ്പള്ളി സ്വദേശിനിയിൽനിന്ന് മൂന്നു ലക്ഷം രൂപ തട്ടിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന പരാതിയില്‍ ഇരുപത് കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി ചെക്ക് കേസുകളിലും സോബി പ്രതിയാണ്.
വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. വയനാട്ടില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ ഇയാള്‍ തട്ടിയതായാണ് നിഗമനം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാറും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യസാക്ഷിയായി രംഗത്തുവന്നതോടെയാണ് ഇയാൾ മാധ്യമവാർത്തകളിൽ ഇടംപിടിച്ചത്. പിന്നീട് അന്വേഷണ സംഘം ഇയാളുടെ മൊഴികളും വെളിപ്പെടുത്തലുകളും തള്ളിക്കളഞ്ഞിരുന്നു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയ്ക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് സോബി ജോര്‍ജ് പ്രതികരിച്ചു.
കണ്ടകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറേ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്കര്‍ കേസില്‍നിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും സോബി പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് സോബി ഇക്കാര്യം പറഞ്ഞത്.