ഇരിങ്ങാലക്കുട: കലാസാംസ്കാരിക വളർച്ച ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ആസ്ഥാനമാക്കി തുടക്കം കുറിച്ച അന്താരാഷ്ട്ര കലാ പൈതൃക നഗരം പദ്ധതികേന്ദ്രം കാട്ടിൽ, അല്ല കാടുകയറി. 2015 ൽ വിഭാവനം ചെയ്ത പദ്ധതിയുടെ രേഖകളിൽ ഒരു താളുപോലും നീങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം.
പദ്ധതിക്കായി കമ്മിറ്റി രൂപീകരിക്കുകയും ഇരിങ്ങാലക്കുടയിൽ താത്കാലിക ഓഫീസ് തുറക്കുകയും ചെയ്തെങ്കിലും ഒരു പ്രവൃത്തിയും നടക്കാത്തതിനാൽ ഓഫീസ് കെട്ടിടം കാടുകയറിയ നിലയിലാണ്.
2014 ൽ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണു അന്താരാഷ്ട്ര പൈതൃക നഗരം പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചത്. കേരളത്തിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും കലയും ചരിത്രവും സംസ്കാരത്തെയും കുറിച്ച് പഠിക്കുവാനും മനസിലാക്കുവാനുമാണു കലാ പൈതൃകകേന്ദ്രം ആരംഭിക്കുവാൻ തീരുമാനമായത്.
2015 ലെ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തി അലോട്ട്മെന്റ് ചെയ്യുകയുമുണ്ടായി. ടോക്കണ്‍ തുകയായി 20 ലക്ഷം രൂപയും നീക്കിവച്ചു. 2014 ജൂലായിൽ സ്ഥലം ഏറ്റെടുക്കുന്നതിനു അന്നത്തെ ഡെപ്യൂട്ടി കളക്ടറായിരുന്ന പി. മോഹനനെ ചുമതലപ്പെടുത്തിയിരുന്നു.
ആദ്യഘട്ടത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്തു ഏക്കർ സ്ഥലം അക്വയർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി മനവലശേരി വില്ലേജ് ഓഫീസിനു സമീപം കെട്ടിടം നിർമിച്ചിരുന്നു.
എംഎൽഎ ചെയർമാനായി താത്ക്കാലികമായ ഭരണസമിതി നിലവിൽ വരുകയും ഒട്ടനവധി യോഗങ്ങളും ചർച്ചകളും കളക്ടറുടെ നേതൃത്വത്തിൽ കൂടുകയും ചെയ്തിരുന്നു.
ഇതിനിടയിൽ പുതിയ സർക്കാർ നിലവിൽ വന്നതോടെ പദ്ധതികൾ താളുകളിൽ ഒതുക്കപ്പെട്ടു.ഇപ്പോൾ ഈ ഓഫീസ് കെട്ടിടമാകട്ടെ കാടുകയറി തകർച്ചയിലെ വക്കിലാണ്.