സ്വന്തം ലേഖകൻ
തൃശൂർ: ഒന്നും രണ്ടും അഞ്ചും പത്തുമല്ല….101 കാളകളാണുള്ളത്. 29ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിലെ അയ്യൻ ചിരുകണ്ഠൻ നഗറിൽ വലംതല ചെണ്ടയുടെ താളത്തിൽ ഓലക്കുടകളുടേയും മുടിയാട്ടത്തിന്റെയും വടികളിയുടേയും അകന്പടിയോടെ നടക്കുന്ന തൈവകാള സംഗമത്തിൽ 101 കാളകളുടെ വരവ് കാണാം.
ഏറ്റവുമധികം കാളകളും കലാകാരൻമാരും പങ്കെടുക്കുന്ന ഈ കാളകളി ലോകറെക്കോർഡിലേക്ക് നീങ്ങുന്ന കാഴ്ചയ്ക്കാണ് ഇരിങ്ങാലക്കുട അന്ന് സാക്ഷ്യം വഹിക്കുകയെന്ന് അണിയറിലുള്ളവർ പറയുന്നു.
പുലയസമുദായക്കാരാണ് കാളകളി നടത്താറുള്ളത്. ഇരിങ്ങാലക്കുടയിൽ നടക്കാൻപോകുന്ന തൈവകാളസംഗമത്തിൽ പങ്കെടുക്കുന്നതിൽ കൂടുതലും പുലയസമുദായക്കാരാണ്. കൂടാതെ നാടൻകലകൾ അവതരിപ്പിക്കുന്ന കലാകാരൻമാരുമുണ്ടാകും. ഒരു കാളയെ തോളിലേറ്റാൻ രണ്ടുപേരാണ് വേണ്ടത്.
202 പേർ കാളകളെ പിടിക്കാൻ ഉണ്ടാകും. കൊട്ടിനും 202 പേരുണ്ടാകും. ആകെ 404 കലാകാരൻമാർ 101 കാളകൾക്കൊപ്പം അണിനിരക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള കാളകളി കലാകാരൻമാർ പങ്കെടുക്കും. പല കാവുകളിലും നടക്കുന്ന കാളകളിക്ക് പങ്കെടുക്കാൻ പോകുന്നവരാണിവർ.
കാളകളി നടക്കുന്നതിന്റെ തലേന്ന് തൈവക്കാള തൃശൂർ വടക്കുന്നാഥ ക്ഷേത്ര നടയിൽ നിന്നും ഓലക്കുട കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും മുടികളിയും വടികളിയും ചിറയ്ക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിൽ നിന്നും കൊടിമരം നടവരന്പ് ആണ്ടുബലിക്കുളങ്ങര ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും കൊടിക്കൂറ ആനന്ദപുരം ശ്രീതറയ്ക്കൽ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട ഠാണാവിൽ സംഗമിക്കും. തുടർന്ന് വൈകീട്ട് ആറിന് അയ്യൻ ചിരുണ്ഠൻ നഗറിൽ കൊടിയേറ്റ് നടക്കും.