കാലടിയിലെ എസ്ബിഐ ശാഖയില്‍ തീപിടിത്തം; സമീപവാസികളുടെ സമയോചിതമായി ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി

bank_fireകാലടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാലടി കൊറ്റമം ശാഖയില്‍ തീപിടുത്തം. സമീപവാസികളുടെ ഇടപെടല്‍മൂലം വന്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. ഇന്നലെ രാത്രി 11.15നാണ് തീപിടിത്തമുണ്ടായത്.  ബാങ്കില്‍നിന്നും അസഹ്യമായ രീതിയില്‍ തുടരെ അലാറം മുഴങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട  സമീപവാസിയായ യുവാവ് ഉടനെ വിവരം കാലടി പോലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി മോഷണ ശ്രമം എന്ന നിഗമനത്തില്‍ ബാങ്കിന് ചുറ്റും പരിശോധിച്ചെങ്കിലും ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് വിവരം ശാഖ മാനേജരെ അറിയിച്ചു. താക്കോല്‍ ഇല്ലാത്തതിനാല്‍ ബാങ്ക് തുറക്കാന്‍ സാധിക്കുമായിരുന്നില്ല.  ഇതിനിടയിലാണ് മുന്‍ വശത്തെ ജനല്‍ ചില്ലുകളിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് തീ കത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് ഉടനെ മെയിന്‍ സ്വിച്ച് പുറത്തുനിന്ന് ഓഫാക്കി, അഗ്നിശമനസേനയെയും കെഎസ്ഇബി അധികൃതരെയും വിവരമറിയിച്ചു.

അങ്കമാലിയില്‍നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സും മലയാറ്റൂരില്‍ നിന്നു കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി. അപ്പോഴേയ്ക്കും ബാങ്ക് മാനേജരും ജീവനക്കാരും സ്ഥലത്തെത്തി ബാങ്ക് തുറന്നു.

കെട്ടിടത്തിന്റെ അകത്ത് മുഴുവന്‍ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു. പരിശോധനയില്‍ ലോക്കറിനോട് ചേര്‍ന്ന പവര്‍ കാബിനില്‍ വയറുകള്‍ കത്തി കരിഞ്ഞതായി കാണപ്പെട്ടു. ബാങ്കിന്റെ മറ്റു രേഖകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. എസിയുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് ഷോര്‍ട്ട് ആയതാണ് അപകടത്തിന് കാരണമായത്. നാശനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല. അപായ സൂചന നല്‍കി അലാറം മുഴങ്ങിയതും പരിസരവാസികളായ യുവാക്കളുടെ സമയോചിതമായി ഇടപെടലുമാണ് വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കിയതെന്ന് കാലടി സിഐ സജി മാര്‍ക്കോസ് പറഞ്ഞു.

ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ബ്രാഞ്ച് മാനേജര്‍ കാബിനില്‍ കയറിയാണ് അലാറം ഓഫാക്കിയത്. ജാഗ്രതയോടെ പോലീസില്‍ വിവരം നല്‍കിയ യുവാക്കളെ അഭിനന്ദിച്ചതിനുശേഷമാണ് കാലടി സിഐയുടെ  നേതൃത്വത്തിലുളള പോലീസും അഗ്നിശമനസേനയും ബാങ്ക് മാനേജരും കെഎസ്ഇബി ഉദ്യോഗസ്ഥരും തിരിച്ചുപോയത്.

Related posts