കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ജനുവരി ആറു വരെ ആഘോഷിക്കുന്ന നടതുറപ്പ് മഹോത്സവത്തിന് പ്രാരംഭം കുറിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും.
വാദ്യമേളങ്ങൾ, പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ പ്രത്യേകം അലങ്കരിച്ച തേരിൽ ദേവിയുടെ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ച് രാത്രി എട്ടിന് ആചാരങ്ങളോടെ തിരുനട തുറക്കുന്നതോടെ നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകും.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ നാലു മുതൽ രാത്രി ഒൻപത് വരെ ദേവീദർശനം സാധ്യമാകും.
തിരക്ക് ഒഴിവാക്കുന്നതിനായി www.thiruvairanikkulamtemple.org എന്ന ക്ഷേത്ര വെബ്സെറ്റുവഴി വെർച്വൽ ക്യു ബുക്ക് ചെയ്യാവുന്നതാണ്. വെർച്വൽ ക്യു ബുക്ക് ചെയ്തവർക്ക് ബാർക്കോഡ് അടങ്ങിയ ബുക്കിംഗ് രസീത് ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടുകളിലെ വെരിഫിക്കേഷൻ കൗണ്ടറുകളിൽനിന്നു ദർശന പാസ് ലഭിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ പട്ട്, പുടവ, ഇണപ്പുടവ, താലി, തൊട്ടിൽ, വാൽക്കണ്ണാടി തുടങ്ങിയവ ദേവിക്ക് സമർപ്പിക്കുന്നതിനും പുഷ്പാഞ്ജലികൾ, ധാര മുതലായ വഴിപാടുകൾ നടത്തുന്നതിനും ക്യൂവിൽതന്നെ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസി ആലുവ, പെരുമ്പാവൂർ, അങ്കമാലി ഡിപ്പോകളിൽനിന്ന് പ്രത്യേക ബസ് സർവീസ് നടത്തുന്നതിന് പുറമെ തീർഥാടന പാക്കേജിൽ ഉൾപ്പെടുത്തി ദീർഘദൂര സർവീസുകളും ആരംഭിക്കും. വാഹന പാർക്കിംഗിന് അഞ്ച് പാർക്കിംഗ് ഗ്രൗണ്ടുകൾ തയാറാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏത് തപാൽ ഓഫീസിലും പ്രസാദ കിറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അശോകൻ കൊട്ടാരപ്പിള്ളി, എം.കെ. കലാധരൻ എന്നിവർ പറഞ്ഞു.