ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന “മിന്നല്‍ മുരളി’ എന്ന സിനിമയുടെ സെറ്റ് സാമൂഹ്യവിരുദ്ധര്‍ പൊളിച്ചു നീക്കിയതിൽ വിഷമവും ആശങ്കയും രേഖപ്പെടുത്തി ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോവിനോ തോമസ്.
കാലടി മണപ്പുറത്ത് തയാറാക്കിയ ക്രൈസ്തവ ദേവാലയത്തിന്റെ സെറ്റാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് കൂടവും കമ്പിപ്പാരയുമായി എത്തി കുത്തിപ്പൊളിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.സംഭവത്തിന് ശേഷം സെറ്റ് പൊളിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എഎച്ച്പി കേരള ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തിയ ഹരി പാലോട് എന്നയാള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
സെറ്റ് പൊളിക്കുന്നതിന്റെ ചിത്രം സഹിതം രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ആശംസ നേർന്നാണ് ഇയാൾ പോസ്റ്റ് ഇട്ടിരിക്കുന്നത്.
അതേസമയം സെറ്റ് തകർത്ത സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോവുകയാണെന്ന് ടോവിനോ തോമസ് പറഞ്ഞു.
മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പം രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമാണം ആരംഭിച്ചത്.
ലക്ഷക്കണക്കിന് രൂപ മുടക്കി നിർമിച്ച ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണു രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും, മിന്നൽ മുരളി ഉൾപ്പെടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും.
വീണ്ടും ഷൂട്ടിംഗ് എന്ന് ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം ആളുകൾ തകർത്തത്.അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസിലായിട്ടുമില്ല- ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.
വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്.
ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ടൊവിനോ വ്യക്താക്കി.