കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിയമന വിവാദം ആളിക്കത്തുകയാണ്. എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനു പിന്നാലെ വീണ്ടും നിരവധി ആരോപണങ്ങളാണ് സര്‍വകലാശാലയ്ക്കെതിരേ ഉയരുന്നത്.
അധ്യാപക നിയമനത്തിനു പിന്നാലെ പിഎച്ച്ഡി പ്രവേശനത്തിലും സംവരണം അട്ടിമറിച്ചുവെന്ന ആരോപണവും ശക്തമാണ്. ഇതെല്ലാംസംബന്ധിച്ചു നിരവധി പരാതികളാണ് ഗവര്ണര്ക്കുലഭിച്ചിരിക്കുന്നത്. നിയമനവിവാദത്തിനു പിന്നില്‍ സിപിഎം നേതാക്കളും അണികളുമാണ് നിറയുന്നത്. ഇപ്പോള്‍ ഏരിയാ സെക്രട്ടറിയുടെ ശുപാര്‍ശക്കത്തും ആളിക്കത്തുകയാണ്.
നിയമന ശുപാര്‍ശയുമായി സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിക്കയച്ച കത്താണ്പുറത്തു വന്നിരിക്കുന്നത്. പാര്‍ട്ടി സഹയാത്രിയായ ഉദ്യോഗാര്ഥിക്കുവേണ്ടിയാണ് ശുപാര്‍ശ കത്ത്. ധീവര സമുദായ സംവരണത്തില്‍ ഇവര്ക്കുജോലി ലഭിച്ചു. നിനിത കണിച്ചേരിക്കൊപ്പം ഇവരും ജോലിയില്‍ പ്രവേശിച്ചെന്ന് കാലടി സര്‍വകലാശാല മലയാളം വിഭാഗം മേധാവി പ്രതികരിച്ചു.
എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലീം സംവരണ വിഭാഗത്തില്‍ മലയാളം അസി. പ്രഫസറായി നിയമിക്കപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ കത്ത് പുറത്ത് വന്നിരിക്കുന്നത്.
2019 സെപ്റ്റംബര്‍ 22നു പറവൂര്‍ ഏരിയ സെക്രട്ടറി ജില്ല സെക്രട്ടറിക്കയച്ച കത്താണ് പുറത്ത് വന്നത്. സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ സീല്‍ പതിപ്പിച്ച ലെറ്റര്‍ പാഡിലാണ് ശുപാര്‍ശ കത്ത് എഴുതിയിരിക്കുന്നത്.
“കാലടി സംസ്കൃത സര്‍വകലാശാലയിലെ മലയാളം അസി. പ്രഫസര്‍ തസ്തികയില്‍ ധീവര കമ്മ്യൂണിറ്റി റിസര്‍വേഷനില്‍ ഇന്റര്‍വ്യൂവിന് വിളിപ്പിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്ത് കൊടുക്കണം’ ഇങ്ങനെയാണ് കത്തിലെ ഉള്ളടക്കം.
കത്ത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നും യോഗ്യതയുള്ളതു കൊണ്ടാണ് ജോലി ലഭിച്ചതെന്നും കാലടി സര്‍വകലാശാല മലയാളം വിഭാഗം മേധാവി ലിസി മാത്യു പ്രതികരിച്ചു. ഇതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും അപേക്ഷിച്ച അഞ്ച് പേരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയാണ് ജോലിക്ക് യോഗ്യത നേടിയതെന്നും ലിസി മാത്യു പ്രതികരിച്ചു.
എസ്എഫ്ഐക്കായി സംവരണം അട്ടിമറിച്ചു?
നിനിത കണിച്ചേരിയുടെ നിയമനത്തിന് പിന്നാലെ കാലടി സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രവേശനവും വിവാദത്തിലാണ്. മലയാള വിഭാഗം പിഎച്ച്ഡി പ്രവേശനത്തില്‍ പട്ടികജാതി സംവരണം അട്ടിമറിച്ച് എസ്എഫ്ഐ നേതാവിന് പ്രവേശനം നല്‍കിയെന്നാണ് ആരോപണം.
സംവരണ ചട്ടങ്ങള്‍ പാലിക്കാതെയാണ് പിഎച്ച്ഡി പ്രവേശനം നടപ്പാക്കിയതെന്ന് സര്‍വകലാശാല എസ്സിഎസ്ടി സെല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.2019-2020 കാലയളവില്‍ കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് മലയാള വിഭാഗത്തില്‍ 10 സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
എന്നാല്‍ 2019 ഡിസംബര്‍ പതിനാറിന് മലയാള വിഭാഗത്തില്‍ ചേര്‍ന്ന റിസര്‍ച്ച് കമ്മിറ്റിയില്‍ അഞ്ച് പേരെ കൂടി അധികമായി ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു.ഇതു പ്രകാരം നേരത്തെ തെരഞ്ഞെടുത്ത പത്തു വിദ്യാര്‍ഥികള്‍ക്ക് പുറമെ അഞ്ച് പേര് കൂടി ലിസ്റ്റില്‍ ഇടം പിടിച്ചു.
സംവരണ മാനദണ്ഡം അനുസരിച്ച് 15 പേരില്‍ മുന്നു പേര് പട്ടിക ജാതി, പട്ടിക വര്ഗവിഭാഗത്തില്പ്പെടുന്നവരായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ വ്യവസ്ഥ മറികടന്ന് എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി യൂണിയന് നേതാവിനു പ്രവേശനം അനുവദിച്ചെന്നാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ദളിത് വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ എസ്സിഎസ്ടി സെല്‍ അന്വേഷണം നടത്തി. എസ്എഫ്ഐ നേതാവിന്റെ പ്രവേശനത്തിനായി സര്‍വകലാശാല സംവരണ ചട്ടങ്ങള്‍ അട്ടിമറിച്ചു എന്ന് വ്യക്തമാണെന്ന് സെല്‍ കണ്ടെത്തി.
റിസര്‍ച്ച് കമ്മിറ്റി മിനുട്സ് തെറ്റായി വ്യാഖ്യാനിച്ചാണ് വകുപ്പ് അധ്യക്ഷന്‍ സര്‍വ്വകലാശാലയെ വിവരം ധരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടിയുണ്ടായില്ല.
പിഎച്ച്ഡി അഡിമിഷനുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടില്ല എന്നും ഹൈക്കോടതി ഉത്തരവുമായി വന്ന വിദ്യാര്‍ഥിയ്ക്ക് പ്രവേശനം നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് സര്‍വകലാശാലയുടെ വാദം. തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നാണ് ആരോപണവിധേയായ എസ്എഫ്ഐ നേതാവിന്റെപ്രതികരണം.
ഗവര്‍ണര്‍ക്കു പരാതി
സംസ്കൃത സര്‍വകലാശാല നിയമന വിവാദത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്കി.
മുന്‍ എംപി എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സംസ്കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് ഒന്നാം റാങ്ക് നല്‍കുന്നതിന് മുന്‍കൈ എടുക്കുകയും റാങ്ക് പട്ടികയ്ക്ക് എതിരേ സെലക്ഷന് കമ്മിറ്റിയിലെ വിദഗ്ധ അംഗങ്ങള്‍ വിസിക്ക് നല്കിയ വിയോജനകുറിപ്പ് പുറത്തുവിടുകയും ചെയ്ത വൈസ് ചാന്‍സലറെ മാറ്റി നിര്‍ത്തി നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നാണ് സേവ് യൂണിവേഴ്സിറ്റി കാന്പയിന് കമ്മിറ്റി ഗവര്‍ണറോട് ആവശ്യപ്പെട്ടത്.
വിദഗ്ധ അംഗങ്ങള്‍ നല്കിയ ഉയര്‍ന്ന റാങ്കിനെ കമ്മിറ്റിയിലെ അംഗങ്ങളായ യൂണിവേഴ്സിറ്റിയില്‍ തന്നെയുള്ള മൂന്ന് അധ്യാപകരെ കൊണ്ട് കൂടുതല്‍ മാര്‍ക്ക് നല്‍കിച്ച് റാങ്ക് അട്ടിമറിച്ച് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്കിയതും, വിദഗ്ധ സമിതി അംഗങ്ങളെ സമൂഹ മാധ്യമത്തില്‍ അധിക്ഷേ പിക്കുന്നതിന് അവര്‍ നല്കിയ വിയോജനക്കുറിപ്പ് പുറത്തു നല്കിയതും വൈസ് ചാന്‍സലര്‍ ആണെന്ന് കമ്മിറ്റി ആരോപിച്ചു.
വിസിയെ മാറ്റി നിര്‍ത്തി സര്‍വകലാശാലയില്‍ നടത്തിയ മുഴുവന്‍ അധ്യാപക നിയമന ങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.