കോഴിക്കോട്: ടൗണ്‍ഹാളിനെയും ലളിതകലാഅക്കാഡമിയെയും വേർതിരിച്ച് കോർപറേഷൻ നിർമ്മിക്കുന്ന മതിൽനിർമാണം സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30തോടെയാണ് കോഴിക്കോട്ടെ ഒരുപറ്റം സാംസ്കാരിക പ്രവർത്തകർ പ്രവൃത്തി തടഞ്ഞത്. ഇവർ മേയറെ കണ്ട് നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മതിലിൽ കെട്ടുന്നതിനെക്കുറിച്ച് അറിയില്ലെന്നും അന്വേഷിക്കാമെന്നുമാണ് മേയർ അറിയിച്ചിരുന്നത്.
എന്നാൽ ഒരു മുന്നറിയുപ്പുമില്ലാതെ നിർമാണ പ്രവർത്തനം വീണ്ടും ആരംഭിച്ചതോടെയാണ് തടഞ്ഞതെന്ന് പ്രവർത്തകർ പറഞ്ഞു. മതിൽ കെട്ടുന്നത് ബുദ്ധിശൂന്യമായ നിലപാടാണ്. ടൗണ്‍ഹാളിൽ വലിയ പരിപാടികൾ നടക്കുന്പോൾ പാർക്കിംഗിനായും മറ്റ് ഉപയോഗങ്ങൾക്കായും ആർട്ട്ഗാലറിയിലെ മുറ്റം ഉപയോഗിച്ചിരുന്നു. മതിൽ ഉയരുന്നതോടെ ഈ സൗകര്യങ്ങൾ പൂർണമായും ഇല്ലാതാക്കും.
സാധാരണക്കാരന്റെ പണം കോർപറേഷൻ ദുരുപയോഗം ചെയ്യുകയാണെന്നും ഇവർ പറഞ്ഞു. ആർട്ട് ഗാലറിക്കുപിന്നലെ കിണറിൽ വെള്ളം വറ്റിയിരിക്കുകയാണ്. ദിനംപ്രതി പണം മുടക്കി വാട്ടർടാങ്കറിൽ വെള്ളം എത്തിച്ചുകൊണ്ടിരിക്കുകയാണ്. മതിൽ നിർമാണ പ്രവർത്തനത്തിന് ചിലവഴിക്കുന്ന പണം ഈ കിണർ നന്നാക്കാൻ ഉപയോഗിച്ചാൽ കോർപറേഷന് ശുദ്ധജലം ലഭിക്കുന്ന ഒരു ഉറവയായി ഇതുമാറുമെന്നും സാംസ്കാരിക പ്രവർത്തകർ പറഞ്ഞു.
എന്നാൽ സാമൂഹ്യവിരുദ്ധരുടെ ശല്യംമൂലമാണ് ടൗണ്‍ഹാളിൽ മതിൽകെട്ടുന്നതെന്നാണ് കോർപറേഷൻ അധികൃതർ പറഞ്ഞു. ടൗണ്‍ഹാളിൽ രാത്രി ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ജോലിചെയ്യുന്നത്. ഇവരുടെ പരാതിയെ തുടർന്നാണ് നടപടിയെന്ന് കോർപറേഷൻ ഓവർസിയർ പറഞ്ഞു. സാംസ്കാരിക പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ ജോലി നിർത്തിവച്ചു. മേയറുടെയും കൗണ്‍സിലറുടെയും നിർദ്ദേശത്തെ തുടർന്നേ ഇനി ജോലി ആരംഭിക്കുകയുള്ളൂ എന്ന് ഓവർസിയർ അറിയിച്ചു.