സ്വന്തം ലേഖകൻ
തൃശൂർ: കലാലയരാഷ്ട്രീയം അവസാനിപ്പിച്ചപ്പോൾ പുറത്തെ രാഷ്ട്രീയത്തിനു നിലവാരം കുറഞ്ഞെന്നു കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ വിദ്യാർഥി സംഗമം ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കലാലയ രാഷ്ട്രീയത്തിൽനിന്ന് അനുഭവങ്ങളുടെ ഉൗർജം ഉൾക്കൊണ്ടാണു രാഷ്ട്രീയ നേതൃത്വം വളരേണ്ടത്. സർഗാത്മക രാഷ്ട്രീയം കാന്പസുകളിൽ ഇല്ലാതായതോടെ വലിയ ഉൗർജമാണു നഷ്ടമായതെന്നു മന്ത്രി പറഞ്ഞു. ഒരു മുൻ പ്രധാനമന്ത്രിയും ( കൊച്ചി) രണ്ടു മുൻമുഖ്യമന്ത്രിമാരും ഉൾപ്പെടെ അനേകം പ്രഗത്ഭർ പഠിച്ച വിദ്യാലയമാണു സെന്റ് തോ മസ് കോളജ്. പനന്പിള്ളി ഗോവിന്ദമേനോൻ, ഇഎംഎസ്, സി. അച്യുതമേനോൻ എന്നിവരെ അനുസ്മരിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി.
പൂർവ വിദ്യാർഥികൾക്കായി കോളജിന്റെ കവാടം എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നു മാനേജർകൂടിയായ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. നിയമാവബോധം വളർത്തുന്ന പാഠ്യഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച പൂർവ വിദ്യാർഥിയും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് അശോക് മേനോൻ പറഞ്ഞു.
പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് പി.എം. തോമസ് അധ്യക്ഷനായി. പൂർവ വിദ്യാർഥികളായ മാർ അപ്രേം മെത്രാപ്പോലീത്ത, കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.കെ. ധർമരാജൻ, പ്രിൻസിപ്പൽ ഇഗ്നേഷ്യസ് ആന്റണി, എക്സിക്യൂട്ടീവ് മാനേജർ ഫാ. വർഗീസ് കൂത്തൂർ, വൈസ് പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, ഒഎസ്എ സെക്രട്ടറി സി.എ. ഫ്രാൻസിസ് എന്നി വർ പ്രസംഗിച്ചു. ഡോ. ജോർജ് അലക്സിനെ ആദരിച്ചു.