നെന്മാറ: നെന്മാറ ടൗണിലെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാലയുമായി ഓടിയ യുവാവ് വലയിലായത് ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് ബസ് സ്റ്റാൻഡിനടുത്ത ജ്വല്ലറിയിൽ നിന്നും മാലയുമായി ഇയാൾ ഓടി തൃശൂരിലേക്ക് പുറപ്പെടാൻ നിന്നിരുന്ന മാതാ ബസിൽ കയറിയത്.എന്നാൽ ഇയാൾ മാല മോഷ്ടിച്ച് വരുന്നയാളാണെന്ന് മറ്റാരും അറിഞ്ഞുമില്ല.
ജ്വല്ലറി ഉടമ കടയിൽ നിന്നും ഓടിയെത്തുന്പോഴെക്കും ബസ്, സ്റ്റാൻഡ് വിട്ടിരുന്നു. ആ സമയം തന്നെ പല വഴിക്കും ബസുകൾ പോയിരുന്നതിനാൽ യുവാവ് കയറിയ ബസ് കണ്ടെത്താനും കഴിഞ്ഞില്ല.
മാതാ ബസ് നാലേകാലോടെ പട്ടിക്കാട് എത്തിയപ്പോഴാണ് നെന്മാറ പോലീസ് സ്റ്റേഷനിൽ നിന്നും കണ്ടക്ടർക്ക് ഫോണ് വരുന്നത്.
ബസ് ഉടൻ അടുത്ത പോലീസ് സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് സ്റ്റോപ്പുകളിൽ നിർത്താതെ ബസ് അടുത്ത സ്റ്റേഷൻ വഴിയിലേക്ക് തിരിഞ്ഞു.
പന്തികേട് തോന്നി ബസിലുണ്ടായിരുന്ന യുവാവ് ചാടാൻ ശ്രമിച്ചെങ്കിലും കണ്ടക്ടർ ചിറ്റിലഞ്ചേരി കടന്പിടി സ്വദേശി ഷമീർ, ക്ലീനർ പീച്ചി സ്വദേശി റോബിൻസ് എന്നിവർ ചേർന്ന് യുവാവിനെ തടഞ്ഞ് നിർത്തി.
എന്നാൽ ബസിന്റെ വേഗത കുറഞ്ഞതിനിടെ യുവാവ് കുതറിയോടി. ബസ് ഓഫാക്കി ഡ്രൈവർ കൊല്ലംങ്കോട് പാപ്പാൻ ചള്ള സ്വദേശി ഷിബുവും സഹായത്തിനെത്തി. മിനിറ്റുകൾക്കുള്ളിൽ പോലീസും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ടക്ടർ ഷമീറിനെ തള്ളിയിട്ടാണ് യുവാവ് ചിറക്കാക്കോട് വഴിയിലേക്ക് ഓടിയത്. വീഴ്ചയിൽ നിന്നും എഴുന്നേറ്റ് ഷമീർ പുറകെ ഓടി യുവാവിനെ പിടികൂടി. തൃശൂർ- ഗോവിന്ദാപുരം റൂട്ടിലോടുന്ന കീർത്തനം ബസിലെ ജീവനക്കാരാണ് ഷമീറും ഷിബുവും റോബിൻസനും.
എന്നാൽ കീർത്തനം ബസ് ടെസ്റ്റിന് കയറ്റിയതിനാൽ ലീസിന് മാതാ ബസ് എടുത്ത് ഓടിക്കുകയാണെന്ന് കീർത്തനം ബസ് ഉടമ നവീൻ പറഞ്ഞു.