മുക്കം :തന്റെ കരവിരുതിൽ വിവിധങ്ങളായ ശിൽപങ്ങൾ നിർമ്മിച്ച് വ്യത്യസ്തനാവുകയാണ് കാരശേരി വലിയപറന്പ് സ്വദേശി സോപാനം പ്രവീണ്‍. ആസ്വാദകരുടെ മനം കവരുന്ന ശില്പങ്ങളും ചിത്രങ്ങളുമാണ് പ്രവീണിൽ നിന്ന് പിറവിയെടുക്കുന്നത്. കാരശ്ശേരി പഞ്ചായത്തിലെ വലിയപറന്പ് കൊത്തനാംപറന്പിൽ സോപാനത്തിൽ പ്രവീണ്‍കുമാർ ശിൽപകലയിലും ചിത്രകലയിലും ചുമർചിത്രകലയിലും വാസ്തുവിലും ഒരേ പോലെ മികവ് പുലർത്തുന്നു.
മലപ്പുറം പന്തല്ലൂർ ഹയർ സെക്കൻഡറി സ്ക്കൂളിലെ കലാ അധ്യാപകനായ ഇദ്ദേഹം സ്കൂളും വീടും ഒരേ പോലെ കലാസൃഷ്ടികൾക്കുള്ള പണിപ്പുരയാക്കി കലാസപര്യയിൽ സമർപ്പിച്ചിരിക്കയാണ്.ഇപ്പോൾ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ ശിൽപത്തിന്റെ അന്തിമ മിനുക്കു പണിയുടെ തിരക്കിലാണ് ഈ കലാപ്രതിഭ.
പ്രവീണിന്റെ തന്നെ സ്കൂളിൽ സ്ഥാപിക്കാനുള്ളതാണ് ഈ പ്രതിമയെന്ന പ്രത്യേകതയും ഉണ്ട്. സ്കൂളിൽ വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റേ ഉൗർജ്ജ സ്രോതസ്സായി അബ്ദുൾ കലാമിന്റെ സാന്നിധ്യം ഉണ്ടാവണമെന്ന പ്രധാനാധ്യാപിക ഗീതാ വിശ്വത്തിന്റെ പ്രത്യേക ആഗ്രഹം കൂടി പരിഗണിച്ചാണ് പ്രതിമ സ്ഥാപിക്കാൻ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ഒത്തുചേർന്ന് തീരമാനിച്ചത്.
കലാമിന്റെ ലക്ഷണമൊത്ത അർധ കായ പ്രതിമ സിമന്റിലാണ് നിർമിച്ചിട്ടുള്ളത്. അടുത്ത മാസം സ്ക്കൂൾ അങ്കണത്തിൽ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.കോണ്‍ക്രീറ്റിനു പുറമേ, തടി, മുള, കരിങ്കല്ല്, കളിമണ്ണ്, പാഴ് വസ്തുക്കൾ, പ്ലാസ്റ്റർ ഓഫ് പാരീസ് മുതലായവയിലൊക്കെ ശില്പങ്ങൾ നിർമ്മിക്കുന്നതിലും പ്രവീണ്‍ അതിവിദഗ്ധനാണ്. വീടുകളുടെ ഭിത്തികൾ, ചുറ്റുമ തിലുകൾ, കിണറുകൾ തുടങ്ങിയവ രൂപകൽപന ചെയ്യാനും ശില്പങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്യുവാനും അലങ്കാവസ്തുക്കൾ നിർമ്മിക്കാനും ധാരാളം പേരാണ് ഇദ്ദേഹത്തെ തേടി യെത്തുന്നത്.
കുട്ടിക്കാലത്തു തന്നെ ചിത്രരചനയിലും കളിമണ്ണിൽ ശില്പങ്ങൾ ഉണ്ടാക്കുന്നതിലും സർഗവാസന പ്രകടിപ്പിച്ചിരുന്ന പ്രവീണിനെ പിതാവ് കെ.പി.ചെക്കുവും അമ്മ കമലയും കലയുടെ വഴിക്കു തന്നെ തിരിച്ചുവിടുകയായിരുന്നു. യൂണിവേഴ്സൽ ഫൈൻ ആർട്സ് കോളജിൽ നിന്ന് കലാപഠനം ശാസ്ത്രീയമായി പൂർത്തിയാക്കി. വലിയപറന്പ് അങ്ങാടിക്കടുത്ത വീട് ചിത്രങ്ങളുടേയും ശില്പങ്ങളുടേയും പണിപ്പുര മാത്രമല്ല സൃഷ്ടികളുടെ കൊച്ചു മ്യൂസിയം കൂടിയാണ്.
വീടിന്റെ പൂമുഖത്തെ ഭിത്തിയിൽത്തന്നെ കലാകാരന്റെ ഭവനമെന്ന് വിളിച്ചറിയിക്കും വിധം അതി മനോഹരമായ ആലേഖനം ചെയ്തിട്ടുള്ള ശിൽപം ആരേയും ആകർഷിക്കുന്നതാണ്. ഇദ്ദേഹത്തിന് താങ്ങും തണലുമായി ഭാര്യ ബിൻസിയും മക്കളായ കാർത്തികും നിവേദ്യയുമുണ്ട്.