തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേ ഷം പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ഭൂരിപക്ഷം പാർട്ടി എംഎൽഎമാരുടെയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിട്ടും ഹൈക്കമാൻഡ് പരിഗണിച്ചില്ലെന്ന് ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ.
കാലം സാക്ഷി എന്ന ആത്മകഥയിൽ പാഴായ ഭൂരിപക്ഷ പിന്തുണ എന്ന തലക്കെട്ടിലുള്ള അധ്യായത്തിലാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന ഭൂരിപക്ഷ എംഎൽഎമാരുടെ ആവശ്യത്തെ മറികടന്ന് ഹൈക്കമാൻഡ് വി.ഡി സതീശനെ തെരഞ്ഞെടുത്തുവെന്ന് പറയുന്നത്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പ്രത്യേകിച്ച് ആരുടെയും പേര് ഹൈക്കമാൻഡ് നിർദേശിക്കുന്നില്ലെങ്കിൽ രമേശ് ചെന്നിത്തലതന്നെ ആ സ്ഥാനത്ത് തുടരട്ടെയെന്ന നിലപാടിലായിരുന്നു താനെന്നും ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് സ്ഥാനം സംബന്ധിച്ച് എഐസിസിയിൽ നിന്ന് എന്തെങ്കിലും നിർദേശമുണ്ടോയെന്നറിയാൻ കെ.സി വേണുഗോപാലിന്റെ തിരുവനന്തപുരത്തെ വീട്ടിൽ താൻ നേരിട്ട് പോയി എന്ന് ഉമ്മൻ ചാണ്ടി പറയുന്നു.
ഇതുവരെ നിർദേശങ്ങളൊന്നും ഹൈക്കമാൻഡിൽ നിന്നും വന്നില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ ചോദിച്ചുപറയാമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞെങ്കിലും പിന്നെ കെ.സി പ്രതികരിച്ചില്ലെന്നും ആത്മകഥയിൽ പറയുന്നു.
ഒരു നിർദ്ദശവുമില്ലെന്നും ആർക്കും ആരുടെയും പേര് പറയാമെന്നും ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജ്ജുന ഖാർഗെ വന്നു പറഞ്ഞു.
എംഎൽഎമാരുമായി ഖാർഗേ കൂടിക്കാഴ്ച നടത്തുന്നതിനു മുന്പ് ഹൈക്കമാൻഡിന് ആരുടെ കാര്യത്തിലെങ്കിലും താല്പര്യമുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചപ്പോഴും ഇല്ലെന്നാണ് ഖാർഗെ മറുപടി നൽകിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികൾ നേരിട്ടെത്തി അറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയെ വെട്ടി വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കിയത്.
21 എംഎൽഎമാരിൽ ഭൂരിപക്ഷം ചെന്നിത്തലയെ പിന്തുണച്ചു. “മല്ലികാർജുന ഖാർഗെയെ കണ്ടതിനു ശേഷം ഞങ്ങൾ രമേശിനൊപ്പം നിൽക്കാൻ തീരുമാനിച്ചു.
21 എംഎൽഎമാരിൽ ഭൂരിപക്ഷം രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാൽ ഹൈക്കമാൻഡിന്റെ മനോഗതം വേറെയായിരുന്നു എന്ന് വ്യക്തമാക്കി കൊണ്ട് വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.” – കാലം സാക്ഷിയിൽ ഉമ്മൻ ചാണ്ടി പറയുന്നു.
മികച്ച പാർലമെന്റേറിയനാണ് സതീശനെന്നും കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം നേരത്തെ സൂചിപ്പിച്ചെങ്കിൽ ഒരു വിവാദവുമില്ലാതെ ഈ അധ്യായം അവസാനിക്കുമായിരുന്നുവെന്നും ഉമ്മൻചാണ്ടി പറയുന്നു. ഈ മാസം ആദ്യം പുറത്തിറങ്ങിയ ആത്മകഥയ്ക്ക് ഇന്ന് മൂന്നാമത്തെ പതിപ്പ് ഇറങ്ങും.