ഇരിങ്ങാലക്കുട: പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ(58) അവിട്ടത്തൂരിൽ ഓട്ടൻതുള്ളൽ അവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിനമായിരുന്ന ഇന്നലെ രാത്രി എട്ടോടെ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ ഗീതാനന്ദൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണു മരണകാരണം. ഭാര്യ: ശോഭ. മക്കൾ: സനൽകുമാർ, ശ്രീലക്ഷ്മി. പ്രശസ്ത തുള്ളൽ കലാകാരൻ മഠത്തിൽ പുഷ്പകത്ത് കേശവൻ നന്പീശന്റെ മകനാണ്. അച്ഛൻതന്നെയായിരുന്നു ആദ്യഗുരു. പ്രശസ്തനായ കഥകളിയാചാര്യൻ നീലകണ്ഠൻ നന്പീശൻ അമ്മാവനും പ്രശസ്ത മൃദംഗം വിദ്വാൻ കലാമണ്ഡലം വാസുദേവൻ ജ്യേഷ്ഠനുമാണ്.
അഭിനേതാവ് എന്ന നിലയിലും ഗീതാനന്ദൻ പ്രശസ്തനാണ്. കമലദളം എന്ന ചിത്രത്തിലൂടെയാണു വെള്ളിത്തിരയിലെത്തിയത്. തൂവൽ കൊട്ടാരം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, മനസിനക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽവേദികളിലും സാന്നിധ്യമറിയിച്ചു.
അന്പലത്തിൽ കഴകം ജോലിചെയ്തിരുന്ന ഗീതാനന്ദനെ അച്ഛനാണ് 1974ൽ കലാമണ്ഡലത്തിൽ ചേർത്തത്. 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായി ജോലിക്കു ചേർന്നു. നീനാ പ്രസാദ്, കാവ്യ മാധവൻ തുടങ്ങി നിരവധി ശിഷ്യഗണങ്ങളുടെ ഗുരുവാണ്. കലോത്സവ വേദികളിൽ ശിഷ്യർക്കൊപ്പം സ്ഥിരസാന്നിധ്യമായിരുന്നു.