ഓട്ടന്തുള്ളല് ആചാര്യനും കലാമണ്ഡലം തുള്ളല്‍ വിഭാഗം മുന്‍ മേധാവിയുമായ കലാമണ്ഡലം ഗീതാനന്ദന് വേദിയില്‍ തുള്ളല്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു എന്നത് അദ്ദേഹത്തിന്റെ ആരാധകരെ എന്നതിനേക്കാളുപരി കലാസ്വാദകരെ മുഴുവന്‍ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. പ്രമുഖരായ പല കലാകാരന്മാരും പറയുന്നത് നാം കേട്ടിരിക്കും, വേദിയില്‍ തന്റെ കാലാവാസന അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ആയിരിക്കണം തന്റെ അന്ത്യമെന്ന്. കലയോടുള്ള അവരുടെ ആദരവും ആരാധനയും ആത്മാര്‍ത്ഥതയുമാണ് അത്തരത്തിലുള്ള വാക്കുകളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കനാവുന്നത്.
കലാമണ്ഡലം ഗീതാനന്ദന്റെയും എക്കാലത്തെയും ആഗ്രഹവും ഇതുതന്നെയായിരുന്നെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തോടടുത്തവര് പറയുന്നത്. ഏതായാലും കലയോട് ഇത്രയും ആത്മാര്‍ത്ഥത കാണിച്ച മനുഷ്യന്റെ ആ ആഗ്രഹം അക്ഷരാര്‍ത്ഥത്തില്‍ സഫലമാവുക തന്നെ ചെയ്തു. അതിന്റെ നേര്‍ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ലോകം മുഴുവനുമുള്ള കലാസ്വാദകരുടെയിടയില് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താളവും തുള്ളലും മുറുകിയ വേളയില്‍ ഗീതാനന്ദന് വേദിയില്‍ തളര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍. മനസും ശരീരവും കലയ്ക്കായി അര്‍പ്പിച്ച വ്യക്തിയുടെ മനസും ശരീരവും കലാവതരണത്തിനിടയില്‍ കലയോട് ലയിക്കുന്ന കണ്ണീരണിയിക്കുന്ന ഒരു കാഴ്ച….