കെ.കെ.അർജുനൻ
തൃശൂർ: കലാമണ്ഡലം ഗോപിയാശാനെ തേടി വോട്ട് വീട്ടിലെത്തി. തെരഞ്ഞെടുപ്പു ദിവസം പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്കായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശപ്രകാരം ഏർപ്പെടുത്തിയ സമ്മതിദാനാവകാശ സജ്ജീകരണത്തിന്റെ ഭാഗമായാണ് ഗോപിയാശാന്റെ വീട്ടിലേക്ക് പോളിംഗ് ബൂത്തെത്തിയത്.
80 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ, രോഗം സംശയിക്കുന്നവർ എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന നേരിട്ട് ഹാജരാകാൻ സാധിക്കാത്ത ആബ്സന്റി വോട്ടർമാർക്കുള്ള സൗകര്യമാണ് വീട്ടിൽ പോളിംഗ്ബൂത്തൊരുക്കി വോട്ടു ചെയ്യാനുള്ള ക്രമീകരണം.
ഇതു പ്രകാരമാണ് കലാമണ്ഡലം ഗോപിയാശാന്റെ വീട്ടിൽ ജില്ല കളക്ടറടക്കമുള്ളവർ നേരിട്ടെത്തി ആശാന്റെ വോട്ട് രേഖപ്പെടുത്തിയത്.സാധാരണ ഒരു പോളിംഗ് ബൂത്തിന്റെ എല്ലാ ക്രമീകരണങ്ങളും വരടിയത്തെ ഗോപിയാശാന്റെ വീട്ടിലൊരുക്കിയിരുന്നു.
വീടിന്റെ സിറ്റൗട്ടിലാണ് പോളിംഗ് സ്റ്റേഷൻ ക്രമീകരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിച്ച ശേഷമാണ് ബൂത്തിലേക്ക് കളക്ടറും ഗോപിയാശാനും ഉദ്യോഗസ്ഥരുമടക്കമുള്ളവർ പ്രവേശിച്ചത്.
പോളിംഗ് ഓഫീസർ, ഒബ്സർവർ, പോളിംഗ് അസിസ്റ്റന്റ്, ബിഎൽഒ തുടങ്ങി പോളിംഗ് സ്റ്റേഷനിലേക്ക് വളരെ കുറച്ചുപേർക്കു മാത്രമേ പ്രവേശനം അനുവദിച്ചുള്ളു. രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരും ഉണ്ടായിരുന്നു.ആദ്യം തന്നെ കലാമണ്ഡലം ഗോപിയുടെ പേര് വോട്ടർപട്ടികയിലുണ്ടെന്ന് വെരിഫൈ ചെയ്ത് ഉറപ്പു വരുത്തിയ ശേഷമായിരുന്നു തുടർനടപടികൾ.
വോട്ടു ചെയ്യാൻ അനുമതി നൽകിയതോടെ പേപ്പർ ബാലറ്റ് കൈമാറി. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വോട്ടറാണ് ഗോപിയാശാൻ. വോട്ടു രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി കൈവിരലിൽ മഷി പുരട്ടുകയും ചെയ്തു. വോട്ടു രേഖപ്പടുത്തി ബാലറ്റ് തിരിച്ചേൽപ്പിച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയായി.
വീട്ടിലിരുന്ന് വോട്ടുചെയ്യാനായത് മഹാഭാഗ്യം ഗോപിയാശാൻ
വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാൻ സാധിച്ചത് മഹാ ഭാഗ്യമാണന്നും കളക്ടർ അടക്കമുള്ളവർ വീട്ടിൽ എത്തി അതിനുള്ള സൗകര്യം ഒരുക്കിയത് വലിയ കാര്യമാണെന്നും കലാമണ്ഡലം ഗോപിയാശാൻ.
വീട്ടിലൊരുക്കിയ പോളിംഗ്ബൂത്തിൽ വോട്ടു ചെയ്ത ശേഷം ആ പുതിയ അനുഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗോപിയാശാൻ.
പ്രായമായവർക്ക് വീട്ടിൽ ഇരുന്നു വോട്ട് ചെയ്യുവാൻ സാധിക്കുന്നുവെന്നത് വളരെ നല്ല കാര്യമാണെന്നും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കോവിഡ് ഭീതി മൂലം നിരവധി പേർക്ക് വോട്ടു ചെയ്യാൻ സാധിച്ചില്ലെന്നും ആ സാഹചര്യത്തിന് മാറ്റം വന്നത് വളരെ നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.