തൃശൂർ: കലാമണ്ഡലം ഗോപിയാശാൻ ഗുരുതുല്യനാണെന്നും ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ടെന്നും തൃശൂർ ലോക്സഭ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയുമെന്നും സുരേഷ്ഗോപി പ്രതികരിച്ചു.
ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പന്റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തിൽ കാണാൻ കഴിയാത്തവർക്കായി മനസുകൊണ്ട് പൂജ അർപ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കലാണ്ഡലം ഗോപിയുടെ മകന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ കൂടുതൽ പ്രതികരണം നടത്തുകയായിരുന്നു സുരേഷ് ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും ഏൽപ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ എല്ലാ കാര്യങ്ങളും ഏൽപ്പിക്കുന്നത് ബിജെപി ജില്ലാ അധ്യക്ഷൻ അനീഷിനെയാണ്. ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാന്റെ മകന്റെ പോസ്റ്റ് വായിച്ചിട്ടില്ല. മുന്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുന്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നൽകി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.
ഗോപിയാശാന്റെ ഡോക്യൂമെന്ററി ഞാനാണ് പ്രകാശനം ചെയ്തത്. മകന്റെ പ്രതികരണം ഗോപിയാശാന്റെ മനസാണോ എന്നത് അറിയില്ല. പ്രമുഖരായ കലാകാരന്മാർ മാത്രമല്ല, പ്രമുഖരായ വ്യക്തികളുണ്ട്. ഇവരെയെല്ലാം എല്ലാ സ്ഥാനാർഥികളും കാണുന്നതാണ്. താനൊരു ഗുരുത്വത്തിന്റെ പേരിലാണ് ഇത്തരത്തിൽ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്.
ഗുരുനാഥ തുല്യരായവരെയാണ് കാണുന്നത്. അത്തരത്തിൽ ഗോപിയാശാൻ ഗുരുതുല്യനാണെന്നും തൃശൂർ മണലൂർ വെസ്റ്റ് സെന്റ് ജോസഫ് ചർച്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ സുരേഷ്ഗോപി പ്രതികരിച്ചു.