തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം ജൂനിയർ സത്യഭാമയ്ക്കെതിരെ മുൻപ് സ്ത്രീധന പീഡനത്തിനും കേസ്. 2022ൽ സത്യഭാമയുടെ മകന്റെ ഭാര്യയുടെ പേരിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്.
മാനസിക- ശാരീരിക പീഡനത്തിന് സത്യഭാമ ഇരയാക്കിയെന്ന് പരാതിക്കാരി ആരോപിച്ചു. പരാതിക്കാരിയും സത്യഭാമയുടെ മകനും 2022 സെപ്റ്റംബറിലാണ് വിവാഹിതരാകുന്നത്. സ്ത്രീധനമായി നൽകിയ 35 പവൻ സ്വർണാഭരണങ്ങൾ ഊരി വാങ്ങിയെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
മാതാപിതാക്കളിൽ നിന്ന് പത്തുലക്ഷം രൂപ വാങ്ങി കൊണ്ടുവരണമെന്നും ഒപ്പം പരാതിക്കാരിയുടെ വീടും സ്ഥലവും മകന്റെ പേരിൽ എഴുതി നൽകണമെന്നും നിരന്തരം ഇവർ ആവശ്യപ്പെട്ടു. വീട് എഴുതി നൽകിയ ശേഷം മാത്രം തിരികെ വീട്ടിലേക്ക് വന്നാൽ മതിയെന്നു പറഞ്ഞ് വീട്ടിൽ കൊണ്ടുവിട്ടു.
മാതാപിതാക്കളോടൊപ്പം തിരികെയെത്തിയ പരാതിക്കാരിയുടെ താലി വലിച്ചു പൊട്ടിക്കുകയും മുഖത്ത് കൈ ചുരുട്ടി ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതിക്കൊപ്പം വന്ന മാതാപിതാക്കളെയും ഉപദ്രവിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് പരാതിയിൽ ആരോപിക്കുന്നത്. തുടർന്ന് സത്യഭാമയ്ക്കും മകനുമെതിരെ കേസെടുക്കുകയായിരുന്നു.