വടക്കഞ്ചേരി: കഥകളിയും നൃത്തവും അനായാസം കൈകാര്യം ചെയ്ത് ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് 44 കാരനായ കലാമണ്ഡലം രാജേഷ് കുമാർ.
മുഖകാന്തി, ചലനചടുലത, വേഷം, ആകർഷണം തുടങ്ങിയ സവിശേഷതകളെല്ലാം സമന്വയിപ്പിക്കുന്ന സ്ത്രീ വേഷമാണ് കഥകളിയിൽ രാജേഷ് കുമാർ ചെയ്യുന്നത്. മറ്റു കലാകാരന്മാരെ പോലെ കോവിഡ് മഹാമാരി സ്റ്റേജ് പ്രോഗ്രാമുകൾ കുറച്ചെങ്കിലും ഇപ്പോൾ അരങ്ങുണർന്നിട്ടുണ്ടെന്ന് രാജേഷ് കുമാർ പറഞ്ഞു.
കലയിൽ പാരന്പര്യത്തിന്റെ തണലോ പ്രോത്സാഹനങ്ങളോ രാജേഷ് കുമാറിന് അവകാശപ്പെടാനില്ല. ജന്മസിദ്ധമായ കഴിവുകളിലൂടെയായിരുന്നു കലാതിളക്കം. ഇതുകൊണ്ടു തന്നെ കലാമൂല്യത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളാകാൻ രാജേഷ് കുമാറിനു കഴിഞ്ഞു.
സ്വയം ആർജിച്ചെടുത്ത കഴിവുകളിലൂടെയായിരുന്നു കലാ യാത്രകളെല്ലാം. കണ്ണന്പ്ര ചൂർക്കുന്ന് കുന്നംപ്പിള്ളി കളത്തെ രാജേഷ് കുമാർ നാലാം ക്ലാസ് മുതൽ നൃത്തവേദികളിലുണ്ട്.
മൂന്നര പതിറ്റാണ്ട് മുന്‍പ് വീടിനടുത്തെ വായനശാലയിൽ നടന്നിരുന്ന നൃത്ത പരിശീലനമായിരുന്നു രാജേഷ് കുമാറിന്റെ കലാവഴി തുറന്നത്. അന്ന് വായനശാലയിൽ പെണ്‍കുട്ടികളെ മാത്രമായിരുന്നു നൃത്തം പഠിപ്പിച്ചിരുന്നത്.
ഇതിനാൽ ഹാളിലേക്ക് ആണ്‍കുട്ടികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ നൃത്ത കന്പക്കാരനായ രാജേഷ്കുമാർ ഹാളിന്റെ ജനൽ വഴി നൃത്താധ്യാപികമാരായ ചേലക്കര റംലത്തും അനിത പഴയന്നൂരും പെണ്‍കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കുന്ന നൃത്തച്ചുവടുകൾ പുറത്തുനിന്ന് കണ്ട് അഭ്യസിച്ചു.
ഇത് ദിവസങ്ങളോളം തുടർന്നു. ചെറിയ കുട്ടിയല്ലേ എന്നു കരുതി ജനൽ വഴിയുള്ള നൃത്ത പരിശീലന നോട്ടം ടീച്ചർമാരും അത്ര ഗൗനിച്ചില്ല. നാട്ടിലെ പൊതു പരിപാടിയിൽ നൃത്തം അവതരിപ്പിക്കാനായിരുന്നു പെണ്‍കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നത്.
പരിപാടിയുടെ രണ്ടുദിവസം മുന്‍പ് ഗ്രൂപ്പിലെ ഒരു പെണ്‍കുട്ടിക്ക് ചിക്കൻപോക്സ് പിടിപ്പെട്ടു. സ്റ്റേജിൽ കയറാൻ കുട്ടിക്ക് കഴിയില്ലെന്ന സ്ഥിതി വന്നു. അങ്ങനെ നൃത്താധ്യാപകരും സംഘാടകരും നെട്ടോട്ടമോടുന്പോഴാണ് ടീച്ചർ പഠിപ്പിച്ചിരുന്ന ഡാൻസ് താൻ ചെയ്യാം എന്ന് പറഞ്ഞ് രാജേഷ്കുമാർ രംഗത്തുവരുന്നത്.
രാജേഷ് കുമാറിനെ ഉൾപ്പെടുത്തി റിഹേഴ്സൽ നടത്തി. പിഴവില്ലാത്ത ചുവടുകൾ. ടീച്ചർമാർ പഠിപ്പിച്ചിരുന്നത് ജനൽവഴി കണ്ടു പഠിച്ചതാണെന്ന് കേട്ടപ്പോൾ എല്ലാവരും തന്നെ ഏറെ അനുമോദിച്ചതായി രാജേഷ് കുമാർ ഇന്നും ഓർക്കുകയാണ്.
അങ്ങനെ പകരക്കാരനായി സ്ത്രീവേഷത്തിൽ നിറഞ്ഞാടിയ രാജേഷ്കുമാർ പിന്നെ കലാമണ്ഡലത്തിലെ താരമായി ഉയർന്നു. എട്ടാംക്ലാസ് മുതൽ കലാമണ്ഡലത്തിലെ വിദ്യാർഥിയായിരുന്നു രാജേഷ് കുമാർ.
കലാമണ്ഡലത്തിൽ പ്രവേശനം ലഭിക്കുന്നതിനുള്ള ഗുരുക്കൻമാരുടെ ഇൻറർവ്യൂ ബോർഡിനു മുന്നിൽ സ്വയം പാടിയാടിയാണ് മറ്റു രണ്ടു കുട്ടികളിൽ നിന്നും വ്യത്യസ്തനായി സീറ്റ് ഉറപ്പിച്ചത്.
ആശാൻമാരിൽ നിന്നും അന്നു ലഭിച്ച സ്നേഹവും പരിഗണനയും ഇന്നും തുടരുന്നുണ്ടെന്ന് രാജേഷ് കുമാർ പറഞ്ഞു.കലാമണ്ഡലത്തിലെ ലീലാമ്മ ടീച്ചർ, കൃഷ്ണകുമാർ ആശാൻ, രാമദാസ് ആശാൻ, ഗോപാലകൃഷ്ണൻ ആശാൻ, ബാലസുബ്രഹ്മണ്യൻ ആശാൻ, പുഷ്പലത ടീച്ചർ തുടങ്ങി വന്ദ്യ ഗുരുക്കൻമാരുടെ പട്ടിക നീളുന്നതാണ്. കഥകളിക്കൊപ്പം നൃത്തവും സ്വന്തമാക്കി.
ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം തുടങ്ങിയവയിലെല്ലാം രാജേഷ് കുമാർ ഇന്ന് ഗുരുവാണ്. കേരള നടനത്തോടാണ് രാജേഷ് കുമാറിന് ഇഷ്ടക്കൂടുതൽ.ഓൾ ഇന്ത്യ ഡാൻസ് അസോസിയേഷന്റെ (എഐഡി എ) നട്വർ ഗോപീകൃഷ്ണ ദേശീയപുരസ്കാരം, കഥകളി ആചാര്യൻ ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ നാട്യശ്രീ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും രാജേഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്.
വടക്കഞ്ചേരിയിൽ ശ്രുതിലയ നൃത്ത കലാക്ഷേത്രം നടത്തിവരുന്ന രാജേഷ് കുമാർ ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ ജില്ലാ സെക്രട്ടറി കൂടിയാണ്. ഭാര്യ: നീതു. മക്കൾ: ദീക്ഷിത, ദീപിക, ദീക്ഷണ.