മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: കളിവിളക്കുകളണഞ്ഞു, മനോല തേച്ച മുഖങ്ങളിൽ നവരസങ്ങളാടിയിരുന്ന രാവുകൾ എന്നിനി മടങ്ങി വരുമെന്നറിയില്ല. ജീവിതത്തിന്റെ ആട്ടവിളക്കിന് തിരിയിടാൻ കഥകളി ശിൽപ്പങ്ങളുണ്ടാക്കുന്ന തിരക്കിലാണ് കലാമണ്ഡലം രാമകൃഷ്ണൻ.
കഥകളി മുദ്രയുടെ ആംഗ്യങ്ങളല്ലാ, കരകൗശലത്തിന്റെ മോഹനരൂപങ്ങളാണ് രാമകൃഷ്ണനിലൂടെ ഇപ്പോൾ പൊട്ടി വിരിയുന്നത്.വീടുകൾ, ഹോട്ടലുകൾ, സ്വീകരണമുറികൾ എന്നിവിടങ്ങളിൽ അലങ്കാരമായി രാമകൃഷ്ണന്റെ കൈകളാൽ വിരിഞ്ഞ കഥകളി ശില്പങ്ങൾ കാഴ്ചക്കാർക്ക് കളി (കഥകളി ) പോലെ കന്പമാകുന്പോൾ, രാമകൃഷ്ണനിത് ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള തൊഴിലാണ്.
ഒറ്റപ്പാലം സ്വദേശിയായ കലാമണ്ഡലം രാമകൃഷ്ണൻ കഥകളിസംഗീതത്തിലും മികച്ച പ്രതിഭയാണ്.കഥകളി സംഗീതത്തിലും അവതരണത്തിലും ഒരുപോലെ മികവ് തെളിയിച്ചുവെങ്കിലും കെട്ട കാലത്തിന്റെ വറുതിയിൽ ഇദ്ദേഹവും കഷ്ടത്തിലാണ്.
കഴിവുകൾ കൊണ്ട് വിശപ്പകറ്റാനാവില്ലന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം കണ്ടെത്തിയ പുതിയ തൊഴിലിടം കൂടിയാണ് സ്വീകരണമുറികളിലെ അലങ്കാര ശിൽപ്പങ്ങളുടെ നിർമ്മാണം.സ്വീകരണ മുറികളുടെ അലങ്കാരത്തിനുമപ്പുറം കഥകളിയെ സ്നേഹിക്കുന്നവർക്ക് നല്ലൊരു ഉപഹാരം കൂടിയാണ് രാമകൃഷ്ണന്റെ കൈപ്പടയിൽ വിരിയുന്ന ശിൽപ്പങ്ങൾ.
നിർമ്മാണത്തിന് സമയം ഏറെ വേണമെന്ന പ്രശ്നമുണ്ടെങ്കിലും ഇദ്ദേഹത്തിനിത് ഒരു സപര്യ പോലെയാണ്.നാലര അടി വരെ ഉയരമുള്ള കഥകളി ശിൽപ്പങ്ങൾ ഇദ്ദേഹം ഉണ്ടാക്കുന്നുണ്ട്.രാമകൃഷ്ണന്റെ കഥകളി രൂപങ്ങൾ കഥകളിയാടില്ലങ്കിലും, കാഴ്ച്ചക്കാർക്ക് കണ്ണിന് കൗതുകം പകരുമെന്നുറപ്പ്.
ഒറ്റ നോട്ടത്തിൽ കഥകളിക്കൊരുങ്ങി നിൽക്കുന്ന ജീവനുള്ള കഥകളിക്കാരനാണെന്നെ ശിൽപ്പങ്ങൾ കണ്ടാൽ കാഴ്ച്ചക്കാർക്ക് തോന്നു. രാമകൃഷ്ണന്റെ കഥകളി ശിൽപ്പങ്ങളുടെ മുഖത്ത് നവരസങ്ങളനങ്ങില്ലെങ്കിലും സ്ഥായീഭാവങ്ങളിൽ വ്യത്യാസങ്ങളുണ്ട്.
രാമകൃഷ്ണന്റെ കരവിരുതിന്റെ മാസ്മരികതയാണിത്.കൊറോണയുടെ ദുരിതം ജീവിതയാത്രക്ക് വിലങ്ങുതടിയായപ്പോൾ പകച്ചു നിൽക്കാതെ കഥകളി മേഖലയിൽ തന്നെ സാധ്യതകൾ കണ്ടെത്തുകയായിരുന്നു ഇദ്ദേഹം.ഇതോടു കൂടി കമനീയമായ കഥകളി രൂപങ്ങൾ പിറവിയെടുത്തു.
കഥകളിയുടെ പൂർണ്ണകായ ശിൽപ്പങ്ങൾ, കിരീടം, പച്ച രൂപങ്ങൾ, കത്തിവേഷങ്ങൾ’ എന്നിവയും ചെറുതും, വലുതുമായി രാമകൃഷ്ണന്റെ കരവിരുതിൽ പിറവി കൊണ്ടു. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വിവിധ രൂപങ്ങളിലും, വലുപ്പങ്ങളിലും, ഇദ്ദേഹം ശിൽപ്പങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
എന്നാൽ അധ്വാനത്തിനനുസരിച്ച വില പലപ്പോഴും ആരും തരാറില്ലന്ന് ഇദ്ദേഹം പറയുന്നു.നിർമ്മാണ ചിലവും, ആളുകളുടെ വില പേശലും കഴിയുന്പോൾ അധ്വാനത്തിന്റെ വില ലഭിക്കാത്ത സ്ഥിതിയുമുണ്ട്.വിശിഷ്ട ഉപഹാരമായി സമ്മാനിക്കാൻ പലരും ഇവ വാങ്ങാനെത്തും.എന്നാൽ വിലയുടെ കാര്യത്തിൽ പിശുക്ക് കാട്ടി വാങ്ങി കൊണ്ട് പോകും.
ചെറിയ തുക തന്ന് നിർമ്മാണം നടത്തിച്ച് വാങ്ങി കൊണ്ട് പോകാത്തവർ വേറെ, ഇദ്ദേഹത്തിൽ നിന്ന് ചെറിയ തുകക്ക് ശിൽപ്പങ്ങൾ വാങ്ങി ഉയർന്ന വിലക്ക് മറിച്ച് വിൽക്കുന്ന ഇടനിലക്കാരായ ചൂഷകൻമാരും ധാരാളം.എന്നാലും ആരോടും തെല്ലും പരിഭവമില്ല.എല്ലാവരും ജീവിക്കാൻ വേണ്ടിയല്ലെ?… രാമകൃഷ്ണൻ പറയുന്നു.
കൊറോണയുടെ വറുതിക്കാലം ആട്ടവിളക്കുകളണച്ചത് മൂലം ദുരിതത്തിലായ ആയിരകണക്കിന് കലാകാരൻമാരെ ആരും ഓർക്കുന്നില്ലന്ന പരിഭവം ഇദ്ദേഹത്തിനുണ്ട്.