വൈക്കം: കുശുന്പും അസൂയയും ഇല്ലാതെ എല്ലാവരേയും സമഭാവനയോടെ കാണുന്ന അമ്മയെപ്പോലെ ഒരാളെ കണ്ടു കിട്ടുക പ്രയാസമാണെന്ന് നാട്ടുകാരും അടുപ്പമുള്ളവരും അമ്മ രത്നമ്മയെക്കുറിച്ച് പറയുന്പോൾ ജില്ലാ പഞ്ചായത്തംഗം കലാ മങ്ങാട്ടിന്റെ അന്തരംഗം അഭിമാനപൂരിതമാകും.
എല്ലാവരെയും ഒരു പോലെ കാണാനുള്ള മനസുള്ള അമ്മയ്ക്ക് മറ്റുള്ളവരുടെ ദുരിതം കണ്ടാൽ കണ്ണു നിറയും. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് ചെന്പ് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമൊക്കെയായപ്പോഴും കഷ്ടപ്പെടുന്നവർക്ക് താങ്ങാകണമെന്നാണ് അമ്മ ആവർത്തിച്ച് ഓർമിപ്പിച്ചിരുന്നത്.
കുട്ടിക്കാലത്ത് സാഹോദര്യവും സമഭാവനയും ഊട്ടിയുറപ്പിക്കുന്ന നിരവധി കാര്യങ്ങൾ വീട്ടിൽനിന്നുതന്നെ കണ്ടു പഠിക്കാനായി. പിതാവ് മങ്ങാട്ട് ശിവൻ നായർ കമ്മ്യൂണിസ്റ്റായിരുന്നു. ഭക്ഷണത്തിനൊക്കെ ക്ഷാമമുണ്ടായിരുന്ന കാലത്ത് തൊടിയിൽ അച്ഛനു കപ്പക്കൃഷിയുണ്ടായിരുന്നു.
കപ്പ മൂപ്പെത്തുന്നതിനു മുന്പേ പറിച്ചുകൊണ്ടുവന്ന് അച്ഛനും അമ്മയും ചേർന്ന് പാകപ്പെടുത്തി ചുറ്റുവട്ടത്തുള്ള കുട്ടികളെ മുഴുവൻ വിളിച്ചു കൂട്ടി ഞങ്ങളെയും ഒപ്പമിരുത്തി വിളന്പി നൽകും. എല്ലാവരെയും അമ്മ മക്കളേയെന്നാണ് വിളിക്കുന്നത്.
നാട്ടുകാർക്ക് അമ്മ ചേട്ടത്തിയമ്മയും ബന്ധുജനങ്ങൾക്ക് അമ്മച്ചിയുമാണ്.75 വയസു പിന്നിടുന്ന അമ്മയ്ക്ക് ശാരീരികമായി അസുഖങ്ങളൊന്നുമില്ല. പൊതുപ്രവർത്തനത്തിൽ സജീവമായപ്പോൾ ദുർബലർക്കും ദുരിതം പേറുന്നവർക്കുമൊപ്പം നിൽക്കണമെന്നും പേര് ചീത്തയാക്കരുതെന്നുമുള്ള അമ്മയുടെ ഉപദേശമാണ് ഇപ്പോഴും തന്നെ മുന്നോട്ടുനയിക്കുന്നതെന്നും കല മങ്ങാട്ട് പറയുന്നു.