കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച ഡൊമിനിക് മാര്ട്ടിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് സംശയം.
നാലു പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനം ഡൊമിനിക് മാര്ട്ടിന് ഒറ്റയ്ക്ക് നടത്തിയതാണെന്ന മൊഴി പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
15 വര്‍ഷത്തോളം ദുബായില്‍ ഉണ്ടായിരുന്ന മാര്ട്ടിന് അവിടെ നിന്നോ മറ്റെതെങ്കിലും രാജ്യങ്ങളില്‍ നിന്നോ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
പത്തു ദിവസമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ഇയാളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.
കളമശേരി എആര്‍ ക്യാംപില്‍ അന്വേഷണോദ്യോഗസ്ഥനായ കൊച്ചി ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൊമിനിക് മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
സ്ഫോടക വസ്തുക്കളുടെ ഉറവിടം, സാമ്പത്തികവും സാങ്കേതികവുമായ സ്രോതസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
സ്ഫോടക വസ്തുക്കള്‍ വാങ്ങിയ സ്ഥലങ്ങള്‍, സ്ഫോടനം നടത്തിയ കളമശേരിയിലെ സാമ്ര കണ്വന്ഷന് സെന്റര്‍, ഇയാളുടെ തമ്മനത്തെ വീട് എന്നിവ ഉള്‍പ്പെടെ പത്തിലധികം ഇടങ്ങളില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തേണ്ടതായും ഉണ്ട്.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുകയെന്നും സൂചനയുണ്ട്.