കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്ക് തടവും പിഴയും. കേസിലെ പ്രതികളായ തടിയന്റവിട നസീർ, സാബിർ ബുഖാരിക്ക് എന്നിവർക്ക് ഏഴുവർഷവും താജുദീന് ആറുവർഷം തടവുമാണ് ശിക്ഷ.
എൻഐഎ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച പശ്ചാത്തലത്തിൽ വിചാരണ പൂർത്തിയാക്കാതെയാണ് മൂന്ന് പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുന്നത്.
തടിയന്റവിട നസീർ, സൂഫിയ മദനി ഉൾപ്പടെ കേസിൽ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനൂപ് കുറ്റ സമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
പ്രതിപ്പട്ടികയിൽ ബാക്കിയുള്ളവർ ഇനി വിചാരണ നേരിടണം.2005 സെപ്റ്റംബർ ഒന്പതിനാണ് കേസിനാസ്പദമായ സംഭവം.
എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.
യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയന്പത്തൂർ സ്ഫോടനകേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾനാസർ മഅദനിയെ ജയിലിൽനിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബസ് കത്തിക്കൽ നടത്തിയത്.
തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാൻ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. മദനിയുടെ ഭാര്യ സൂഫിയ കേസിൽ പത്താം പ്രതിയാണ്.
ബസ് ഡ്രൈവറുടേത് അടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി 2010 ഡിസംബറിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകൾ പിന്നീട് കാണാതായിരുന്നു.
2010 ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ വൈകി. ആദ്യം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്ന് 2009ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.