തിരുവനന്തപുരം: കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതി ഇസ്മായിലിനു ചില പോലീസുകാരുമായി ബന്ധമുണ്ടെന്ന ആരോപണം കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ അന്വേഷിക്കും. പരാതി ലഭിച്ച സാഹചര്യത്തിൽ ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ റേഞ്ച് ഐജിക്കു നിർദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ദിവസം ആലുവ എടത്തലയിൽ പോലീസുകാർക്കു നേരെ നടന്ന കയ്യേറ്റ ശ്രമത്തിലും ഇസ്മായിലിനു ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനു നിർദേശം നൽകിയത്.
2005 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അബ്ദുൾ നാസർ മഅദനി പ്രതിയായ കോയന്പത്തൂർ ബോംബ് സ്ഫോടന കേസിൽ വിചാരണ വൈകുന്നതിൽ പ്രതിഷേധിച്ചാണ് കളമശേരിയിൽ തമിഴ്നാട് സർക്കാരിന്റെ ബസ് കത്തിച്ചത്. ആകെ 14 പ്രതികളുള്ള കേസിൽ തടിയന്റവിട നസീർ ഒന്നാം പ്രതിയും സൂഫിയ മഅദനി പത്താം പ്രതിയാണ്.