കളമശേരി: പ്രളയകാലത്ത് സിപിഎം നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ ക്യാമ്പിൽ നേതാക്കൻമാർക്ക് പ്രാധാന്യം നൽകിയില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നും ആരോപിച്ച് ഏലൂർ ലോക്കൽ കമ്മറ്റിയ്ക്ക് കീഴിലുള്ള ബ്രാഞ്ച് സെക്രട്ടറിയെ തൽസ്ഥാനത്തുനിന്നു പുറത്താക്കി. ഇഎംഎസ് കോളനി ബ്രാഞ്ച് സെക്രട്ടറി വാസുവിനെയാണ് ഇന്നലെ ഏലൂർ ലോക്കൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥാനത്തുനിന്നു നീക്കാൻ തീരുമാനിച്ചത്.
ഏലൂർ ഹിൻഡാൽകോ ഹാളിൽ നടത്തിയ ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടായ നിരവധി പ്രശ്നങ്ങളാണ് വാസുവിന് വിനയായത്. ഇടയ്ക്കിടെ ക്യാമ്പ് സന്ദർശിക്കുന്ന ഏലൂർ നഗരസഭാ ചെയർപേഴ്സൺ അടക്കം നേതാക്കന്മാരെയും ഗൗനിച്ചില്ലെന്നും കാഴ്ചക്കാരാൻ വരുന്നവർ എന്ന് അർഥം വരുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതുമാണ് പ്രധാന കണ്ടെത്തലുകൾ.
ദുരിതാശ്വാസ ക്യാമ്പിൽ വച്ച് അംഗങ്ങൾ ഏലൂർ നഗരസഭാ ചെയർപേഴ്സനോട് കയർത്തപ്പോൾ വാസു ഇടപെട്ടാണ് സാന്ത്വനപ്പെടുത്തിയത്. ഇതും പാർട്ടി നേതാക്കന്മാർക്ക് കുറച്ചിലായി.അതേസമയം വാസുവിന്റെ പാർട്ടി പ്രവർത്തനങ്ങൾ പാർട്ടിയിലെ ചില നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ടെന്നാണ് സൂചന. പട്ടിക വിഭാഗത്തിൽ പെടുന്ന വാസുവിന് പൊതുസമൂഹത്തിൽ കിട്ടുന്ന അംഗീകാരം തങ്ങളുടെ വഴി മുടക്കുമോയെന്ന ആശങ്കയാണത്രെ ഇതിനു കാരണം.
ഒരു അവസരം കിട്ടിയപ്പോൾ പാർട്ടി നേതൃത്വം വാസുവിനോട് വിശദീകരണം ചോദിക്കുകയായിരുന്നു. എന്നാൽ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് എൽസി സെക്രെട്ടറിയ്ക്ക് വാസു കത്തെഴുതി. ഇതിൽ തൃപ്തിയാകാതെയാണ് വാസുവിന്റെ അസാന്നിധ്യത്തിൽ തീരുമാനമെടുത്തത്. 11 മാസത്തെ സേവനത്തിനു ശേഷമാണ് വാസുവിനെ മുന്നറിയിപ്പില്ലാതെ മാറിയത്. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി സുർജിത്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.