ആലുവ: കളമശേരിയിൽ യുവതിയെയും മകനെയും യുവതിയുടെ മാതാവിനെയും തീ കൊളുത്തികൊലപ്പെടുത്തിയശേഷം ഹോട്ടൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രശ്നവും സംശയരോഗവുമെന്ന് സൂചന. കളമശേരി വിദ്യാനഗർ റോഡിൽ കുസാറ്റിന് താഴെയായി വാടകയ്ക്കു താമസിക്കുന്ന ചേർത്തല വാരനാട് തോപ്പുവെളിവീട്ടിൽ പി. സജി (40)യാണ് കൊലയ്ക്കുശേഷം ആത്മഹത്യ ചെയ്തത്.
ഒപ്പം താമസിക്കുന്ന പട്ടിമറ്റം കീച്ചാരച്ചാലിൽ ഉണ്ണികൃഷ്ണൻ മകൾ കെ.എ. ബിന്ദു (29), ബിന്ദുവിന്റെ മകൻ ഒന്നര വയസുള്ള ശ്രീഹരി, ബിന്ദുവിന്റെ അമ്മ പട്ടിമറ്റം കീച്ചാരച്ചാലിൽ ആനന്ദവല്ലി (55) എന്നിവരെ തീ കൊളുത്തിയശേഷം ജീവനൊടുക്കിയത്. ബിന്ദുവും ശ്രീഹരിയും സംഭവസ്ഥലത്തും ആനന്ദവല്ലിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷവുമാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.30 നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ശരീരത്തു തീ പടർന്നുപിടിച്ച ആനന്ദവല്ലി പുറത്തേക്ക് ഇറങ്ങി ഓടി ബഹളം ഉണ്ടാക്കിയതോടെയാണ് സംഭവം പരിസരവാസികൾ അറിഞ്ഞത്. ഉടൻ കളമശേരി പോലീസിനെ വിവരമറിയിച്ച് നാട്ടുകാരും പോലീസും ചേർന്ന് ആനന്ദവല്ലിയെ മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് ബിന്ദുവിന്റെയും ശ്രീഹരിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും സജി ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടത്. ശരീരമാസകലം പൊള്ളലേറ്റ ആനന്ദവല്ലി രാവിലെ പത്തോടെ മരിച്ചു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കളമശേരി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കുട്ടിയുടെ സംസ്കാരം അത്താണി ശ്മശാനത്തിൽ നടത്തി. ശനിയാഴ്ച രാത്രി 12ന് ആനന്ദവല്ലി വസ്ത്രം കഴുകുന്നതും സജി സംസാരിച്ച് നിൽക്കുന്നതുമായി നാട്ടുകാർ കണ്ടിരുന്നതാണ്. ഒരു വർഷം മുന്പാണ് ഹോട്ടൽ ജീവനക്കാരനായ സജി ബിന്ദുവിനൊപ്പം താമസം തുടങ്ങിയത്.
സജിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. നാല് വർഷം മുമ്പ് ചേർത്തലയിൽനിന്ന് നാടുവിട്ട സജിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പുള്ളുവൻപാട്ട് കലാകാരിയായ ബിന്ദുവിനെ ചേർത്തലയിലെ ഒരു ക്ഷേത്രത്തിൽവച്ച് സജി പരിചയപ്പെട്ടതാണ്. അതിനു ശേഷമാണ് ഒരുമിച്ച് താമസം തുടങ്ങിയത്.
ഒരുമിച്ച് താമസിച്ച് തുടങ്ങിയ ഇവർ തമ്മിൽ സാമ്പത്തിക പ്രശ്നങ്ങളുടെ പേരിലാണ് തർക്കം തുടങ്ങിയത്. ബിന്ദുവിന്റെ കുട്ടിയെച്ചൊല്ലിയുള്ള വഴക്കും സംശയരോഗവുമാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു. സജി എഴുതിയതെന്ന് അനുമാനിക്കുന്ന പോക്കറ്റ് ഡയറിയും പോലീസിന് ലഭിച്ചിട്ടുണ്ട്.