കളമശ്ശേരി സാമ്രാ കൺവൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിലാണ് ആദ്യ കേസ് എടുത്തത്.
മതവിദ്വേഷം വളർത്തിയതിന് റിവ തോളൂർ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്.
കളമശ്ശേരിയിൽ എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഫെയ്സ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്.
അതേസമയം കേന്ദ്ര ഏജൻസികൾ കളമശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ ആണെന്ന് ഉറപ്പിക്കുകയാണ്. ഇയാളുടെ മൊഴി രേഖപ്പെടുത്തി.
നാല് കവറുകളിലാണ് ഇയാൾ ബോംബ് വെച്ചത്. ശേഷം കവറുകൾ കസേരയുടെ അടിയിൽ സ്ഥാപിച്ചെന്നും ഇയാൾ പറഞ്ഞു. സ്ഫോടന വ്യാപ്തി കൂടുന്നതിനായി ബോംബിനൊപ്പം പെട്രോളും വച്ചിരുന്നെന്നും പറഞ്ഞു.
സ്ഫോടനം നടന്നതിനു പിന്നാലെ ഇയാൾ ഫേസ്ബുക്ക് ലെെവ് പോയിരുന്നു. ബോംബ് വെച്ചതിനുള്ള വ്യക്തമായ കാരണം ഇയാൾ ലെെവിലൂടെ പറഞ്ഞിരുന്നു. ഐഇഡി പരിശീലനം ലഭിച്ചോയെന്നറിയാൻ പൊലീസ് ഇന്ന് വിശദമായി പ്രതിയെ ചോദ്യം ചെയ്യും.